'പതഞ്ജലി പരസ്യങ്ങളെല്ലാം നീക്കം ചെയ്‌തോ?'; വിശദ റിപ്പോര്‍ട്ട് തേടി സുപ്രിംകോടതി

ലൈസന്‍സ് റദ്ദാക്കിയ 14 പതഞ്ജലി ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ ഒരിടത്തും പ്രസിദ്ധീകരിക്കരുതെന്ന് കോടതി വ്യക്തമാക്കി

Update: 2024-07-09 12:02 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡല്‍ഹി: വിവാദ യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലിക്കെതിരെ കൂടുതല്‍ പരാമര്‍ശങ്ങളുമായി സുപ്രിംകോടതി. പതഞ്ജലിയുടെ വിവാദ പരസ്യങ്ങള്‍ നീക്കം ചെയ്‌തോയെന്ന് ഉറപ്പാക്കാന്‍ കോടതി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനോട്(ഐ.എം.എ) നിര്‍ദേശിച്ചു. ലൈസന്‍സ് റദ്ദാക്കിയ 14 ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ ഒരിടത്തും പ്രസിദ്ധീകരിക്കരുതെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ഹിമ കോഹ്ലി, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഐ.എം.എ പതഞ്ജലിക്കെതിരെ നല്‍കിയ ഹരജിയില്‍ വാദം കേട്ടത്. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നു കാണിച്ച് നേരത്തെ ഉത്തരാഖണ്ഡ് ഡ്രഗ്‌സ് ആന്‍ഡ് ലൈസന്‍സിങ് അതോറിറ്റി പതഞ്ജലി ഉല്‍പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. എന്നാല്‍, ഇതിനു ശേഷവും ഉപഭോക്താക്കളെ കബളിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ കമ്പനി ഡിജിറ്റല്‍ മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലുമെല്ലാം പ്രസിദ്ധീകരിക്കുന്നുവെന്നാണു പരാതി ഉയര്‍ന്നിരിക്കുന്നത്.

സോഷ്യല്‍ മീഡിയ, ഇലക്ട്രോണിക് മീഡിയ ഉള്‍പ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍നിന്നും ഈ പരസ്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കാന്‍ കോടതി ഐ.എം.എയോട് നിര്‍ദേശിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ പരസ്യങ്ങളെല്ലാം പിന്‍വലിച്ചിട്ടുണ്ടെന്ന് പതഞ്ജലിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി കോടതിയില്‍ അറിയിച്ചു. ഇതിനു പുറമെ ലൈസന്‍സ് റദ്ദാക്കിയതുള്‍പ്പെടെയുള്ള നടപടികളെ കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാന്‍ എന്തെല്ലാം ചെയ്‌തെന്നു വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ലൈസന്‍സ് നടപടിക്രമങ്ങളെ കുറിച്ച് രണ്ട് ആഴ്ചയ്ക്കിടെ സത്യവാങ്മൂലം നല്‍കാന്‍ ഉത്തരാഖണ്ഡിനോട് കോടതി നിര്‍ദേശിച്ചു. ഡ്രഗ്‌സ് ആന്‍ഡ് ലൈസന്‍സിങ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഷദന്‍ ഫറസാതിനെ അമിക്കസ് ക്യൂറിയായി കോടതി നിയമിക്കുകയും ചെയ്തിട്ടുണ്ട്.

Summary: Supreme Court asks top Indian medical body IMA to ensure Patanjali removes misleading ads

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News