ഗ്യാൻവാപിയിലെ പൂജയ്ക്ക് സ്റ്റേ ഇല്ല; മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം സുപ്രിംകോടതി തള്ളി
നിലവറയിൽ നടക്കുന്ന പൂജ നമസ്‌കാരത്തിനു തടസമാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിലെ തെക്കേ നിലവറയിൽ നടക്കുന്ന പൂജ തുടരാൻ അനുമതി നൽകി സുപ്രിംകോടതി. പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി അൻജുമൻ ഇൻതിസാമിയ നൽകിയ ഹരജി തള്ളി. നിലവറയിൽ നടക്കുന്ന പൂജ നമസ്‌കാരത്തിനു തടസമാകില്ലെന്ന് കോടതി വ്യക്തമാക്കി.
മസ്ജിദിനകത്ത് നടക്കുന്ന പൂജ തടഞ്ഞില്ലെങ്കിൽ വലിയ പ്രശ്‌നമുണ്ടാകുമെന്നാണ് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. എന്നാൽ, വിശദമായി വാദംകേട്ട കോടതി പള്ളിയിൽ പൂജയും നമസ്‌കാരവും തുടരട്ടെയെന്നു വ്യക്തമാക്കി. തൽസ്ഥിതി തുടരാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. മറ്റൊരു തരത്തിലുമുള്ള പൂജയോ ആരാധനയോ ഇവിടെ പാടില്ലെന്ന് കോടതി അറിയിച്ചു.
വാദം തുടരുന്നതിനിടെ മസ്ജിദിന്റെ സാറ്റലൈറ്റ് ചിത്രം ഉൾപ്പെടെ ബെഞ്ച് പരിശോധിച്ചിരുന്നു. ഇതിനുശേഷമാണു പൂജ തുടരാൻ അനുമതി നൽകിയത്. പള്ളിയിലേക്കും പൂജ നടക്കുന്ന നിലവറയിലേക്കുമുള്ള പ്രവേശന കവാടങ്ങൾ രണ്ടു ഭാഗങ്ങളിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനാൽ പൂജയും നമസ്‌കാരവും തുടരുന്നതിൽ ഒരു തരത്തിലുമുള്ള പ്രശ്‌നവുമില്ലെന്നും നിരീക്ഷിച്ചു.
ഗ്യാൻവാപിയുമായി ബന്ധപ്പെട്ട വേറെയും ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. ഇവ അടുത്ത ദിവസങ്ങളിൽ പരിഗണിക്കും. വാരണാസി ജില്ലാ കോടതിയാണ് ഗ്യാൻവാപി മസ്ജിദിനകത്തെ നിലവറയിൽ പൂജയ്ക്ക് അനുമതി നൽകിയത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്‌റ്റേ ലഭിച്ചില്ല. തുടർന്നാണ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനു പുറമെ ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Summary: The Supreme Court has given permission to continue the puja in the south basement of the Gyanvapi Masjid. The court rejects the plea filed by Anjuman Intezamia, the mosque committee, seeking to stop the puja