വീടുകളിലെത്തി വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി

രാജ്യത്തിൻ്റെ വൈവിധ്യത്തെയും ഭരണത്തിൻ്റെ സങ്കീർണതയെയും കുറിച്ച് അറിവില്ലാത്തവരാണ് ഇത്തരം ഹരജികൾ നൽകുന്നതെന്ന രൂക്ഷമായ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്.

Update: 2021-09-09 05:00 GMT
Editor : Midhun P | By : Web Desk
Advertising

വീടുകളിലെത്തി വാക്സിന്‍ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. യൂത്ത് ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ നൽകിയ ഹരജിയാണ് കോടതി തള്ളിയത്. രാജ്യത്തിൻ്റെ വൈവിധ്യത്തെയും ഭരണത്തിൻ്റെ സങ്കീർണതയെയും കുറിച്ച് അറിവില്ലാത്തവരാണ് ഇത്തരം ഹരജികൾ നൽകുന്നതെന്ന രൂക്ഷമായ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്.

നിലവിലുള്ള വാക്സിനേഷൻ രീതിയിൽ  രാജ്യത്ത് 60 ശതമാനത്തിലധികം ആളുകൾ ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും നിലവിലെ വാക്സിനേഷൻ രീതി മാറ്റി വീടുകളിലെത്തി വാക്സിൻ നൽകണമെന്ന് സർക്കാരിനോട് എങ്ങനെ പറയാൻ കഴിയുമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹരജിക്കാരോട് ആരാഞ്ഞു.

ഇന്ത്യയിൽ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും നേരിടുന്ന വെല്ലുവിളികൾ ഒന്നുതന്നെയാണോ എന്നും കൂടാതെ ലഡാക്ക്, ഉത്തർപ്രദേശ് , കേരളം എന്നിവിടങ്ങളിലെ അവസ്ഥകളും വ്യത്യസ്തമല്ലേയെന്നും കോടതി ഹരജിക്കാരോട് ചോദിച്ചു. എന്നാൽ വീടുകളിലെത്തി വാക്സിൻ നൽകാനുള്ള സംസ്ഥാനങ്ങളുടെ ഭരണപരമായ അധികാരത്തിൽ കോടതി ഇടപെടില്ലെന്നും ബെഞ്ച് വ്യക്തമാക്കി. 

വികലാംഗർക്കും പ്രായമായവർക്കും പ്രതിരോധകുത്തിവയ്പ്പ് കേന്ദ്രങ്ങളെ സമീപിക്കാൻ സാധിക്കാത്തവർക്കും വീടുകളിലെത്തി വാക്സിൻ നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും ഹരജിക്കാരോട് നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയത്തെ സമീപിക്കാൻ  കോടതി പറഞ്ഞു.


Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News