ബിൽക്കിസ് ബാനു കേസ്: ഗുജറാത്ത് സർക്കാരിനെതിരായ വിമർശനങ്ങൾ നീക്കം ചെയ്യില്ലെന്ന് സുപ്രിംകോടതി
പ്രതികൾക്ക് നൽകിയ ശിക്ഷാ ഇളവ് റദ്ദാക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഗുജറാത്ത് സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി
ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ 11 പ്രതികൾക്ക് നൽകിയ ശിക്ഷാ ഇളവ് റദ്ദാക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഗുജറാത്ത് സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ഉത്തരവിലെ ഗുജറാത്ത് സർക്കാരിനെതിരായ വിമർശനങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ റിവ്യൂ ഹരജിക്കൊപ്പം പ്രതികളുടെ ഹരജിയും കോടതി തള്ളി.
കുറ്റവാളികൾക്കൊപ്പം ചേർന്ന് ഒത്തുകളിച്ചുവെന്ന കോടതിയുടെ പരാമർശമാണ് പ്രധാനമായും നീക്കം ചെയ്യണമെന്ന് ഗുജറാത്ത് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ റിവ്യൂ ഹരജിക്കൊപ്പം സമർപ്പിച്ച രേഖകൾ പരിശോധിച്ചപ്പോൾ കോടതി ഉത്തരവിൽ തെറ്റില്ലെന്നാണ് മനസിലായതെന്നും ഉത്തരവ് പുനഃപരിശോധിക്കേണ്ടതില്ലെന്നും ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ജയിലിൽ നിന്ന് വിട്ടയച്ച ഗുജറാത്ത് സർക്കാർ ഉത്തരവ് ഇക്കഴിഞ്ഞ ജനുവരിയിലാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഈ വിധിയിലാണ് പ്രതികൾക്കായി സംസ്ഥാനം വഴിവിട്ട് പ്രവർത്തിച്ചുവെന്നും പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും കോടതി വ്യക്തമാക്കിയത്. സംഭവം നടന്നത് ഗുജറാത്തിലാണെങ്കിലും കേസ് വിചാരണ നടന്നത് മഹാരാഷ്ട്രയിലാണെന്നും അതിനാൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും കോടതി പറഞ്ഞിരുന്നു.
തടവ് പുള്ളികൾക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് 2022 ഓഗസ്റ്റിൽ കേസിലെ 11 പ്രതികൾക്ക് ഗുജറാത്ത് സർക്കാർ ഇളവ് നൽകിയിരുന്നത്. എന്നാൽ ഇത് സുപ്രിംകോടതി റദ്ദാക്കുകയായിരുന്നു. 2002ലുണ്ടായ ഗുജറാത്ത് കലാപത്തിലാണ് ബിൽക്കിസ് ബാനു ക്രൂര ബലാത്സംഗത്തിന് ഇരയായത്. കേസിൽ 2008 ലാണ് പ്രതികൾ കുറ്റക്കാരണെന്ന് മുംബൈയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചത്. 2017ൽ വിചാരണകോടതി വിധി മുംബൈ ഹൈക്കോടതി ശരിവെക്കുകയായിരുന്നു.