പ്രൊഫ. ജി.എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി സുപ്രിംകോടതി റദ്ദാക്കി
കേസിൽ വീണ്ടും വാദം കേട്ട് തീർപ്പാക്കാൻ ഹൈക്കോടതിയോട് സുപ്രിംകോടതി നിർദേശിച്ചു
ഡല്‍ഹി: പ്രൊഫസർ ജി.എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രിം കോടതി റദ്ദാക്കി. കേസിൽ വീണ്ടും വാദം കേട്ട് തീർപ്പാക്കാൻ ഹൈക്കോടതിയോട് സുപ്രിംകോടതി നിർദേശിച്ചു.ജസ്റ്റിസുമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് പുതിയ പരിഗണനക്കായി ഹൈക്കോടതിയിലേക്ക് മാറ്റിയത്. കേസ് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് കേൾക്കാനാണ് സുപ്രിംകോടതി നിർദേശിച്ചത്.
അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജുവാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായത്. മുതിർന്ന അഭിഭാഷകരായ ആർ ബസന്ത്, നിത്യ രാമകൃഷ്ണ, അഭിഭാഷകൻ ഷദൻ ഫറസത്ത് എന്നിവർ പ്രതിക്കു വേണ്ടി ഹാജരായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സായിബാബയെ കുറ്റവിമുക്തനാക്കിയത്. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ 2017 മാര്‍ച്ചിലാണ് മഹാരാഷ്ട്രയിലെ ഗഢ്ചിറോളി സെഷന്‍ കോടതി സായിബാബയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ.
ഡല്‍ഹി സര്‍വകലാശാല ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സായിബാബ, ജെഎന്‍യു സര്‍വ്വകലാശാലയിലെ മുന്‍ വിദ്യാര്‍ഥി ഹേം മിശ്ര, മാധ്യമപ്രവര്‍ത്തകനായിരുന്ന പ്രശാന്ത് റായ് എന്നിവരുള്‍പ്പെടുന്ന അഞ്ച് പേര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നിരോധിത ഭീകര സംഘടനയിലെ അംഗത്വം, നിരോധിത സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കല്‍, ആശയങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള പരമാവധി ശിക്ഷയാണ് കോടതി നല്‍കിയത്.
2014ലാണ് കേസില്‍ സായ്ബാബ അറസ്റ്റിലായത്. മറ്റൊരു പ്രതിയായ ഹേം മിശ്രയുടെ മൊഴിപ്രകാരം മാവോയിസ്റ്റുകളുമായി സായ്ബാബ നിരന്തരം ബന്ധം പുലര്‍ത്തിയെന്നായിരുന്നു പൊലീസിന്റെ അവകാശ വാദം. സായിബാബയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റ് ലഘുലേഖകള്‍, പുസ്തകങ്ങള്‍, ഡിവിഡികള്‍ തുടങ്ങിയവ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞിരുന്നു. 90 ശതമാനവും തളര്‍ന്ന ശരീരവുമായി ജീവിക്കുന്ന സായിബാബ, ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് പോലുള്ള മാവോയിസ്റ്റ് വിരുദ്ധ നടപടികളെ ശക്തമായി വിമര്‍ശിച്ചിരുന്നു.