ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിജ്ഞാപനം ശരിവച്ച് സുപ്രിംകോടതി; സര്‍ക്കാര്‍ ഉത്തരവിന്‍റെ നിയമസാധുത തള്ളാനാവില്ല

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജമ്മുകശ്മീരിന് പ്രത്യേക ആഭ്യന്തര പരമാധികാരം ഇല്ല.

Update: 2023-12-11 06:26 GMT
Advertising

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവച്ച് സുപ്രിംകോടതി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി താൽ‌ക്കാലികമായിരുന്നു എന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവിന്‍റെ നിയമസാധുത തള്ളാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജമ്മു കശ്മീർ പരമാധികാരം ഉള്ള സംസ്ഥാനം ആയിരുന്നില്ല. ഇന്ത്യൻ യൂണിയനിൽ ചേരുമ്പോൾ പരമാധികാരത്തിൻ്റെ സാധുത ജമ്മു കശ്മീരിന് ഉണ്ടായിരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ പൊതുതാല്പര്യ ഹരജികളിലായിരുന്നു സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി‌. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ജമ്മു കശ്മീർ ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമാണ്. അതുകൊണ്ട് തന്നെ ഭേദഗതികള്‍ കേന്ദ്രസര്‍ക്കാരിന് സാധ്യമാണ്. ‌‌‌‌

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജമ്മുകശ്മീരിന് പ്രത്യേക ആഭ്യന്തര പരമാധികാരം ഇല്ല. സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് സൃഷ്ടിച്ച താൽക്കാലിക സംവിധാനം മാത്രമാണ് ആർട്ടിക്കിൾ 370. ആർട്ടിക്കിൾ 370 നിലനിൽക്കില്ല എന്ന രാഷ്ട്രപതിയുടെ പ്രഖ്യാപനം നിലനിൽക്കും. 370 (3) ൽ പറയുന്ന ഭരണഘടനാ നിർമാണസഭയുടെ അധികാരവും താൽക്കാലികമാണ്.

ഉത്തമബോധ്യത്തിൽ എടുത്ത തീരുമാനമാണ് ആർട്ടിക്കിൾ 370ലെ മാറ്റമെന്നും സുപ്രിംകോടതി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിൽ ഇടപെടുന്നില്ല. ഇത് സംസ്ഥാനത്തെ ഭരണ സ്തംഭനത്തിലേക്ക് നയിക്കും. സര്‍ക്കാര്‍ ഉത്തരവിന്‍റെ നിയമസാധുത തള്ളാനാവില്ല. ഹരജിക്കാർ ഉന്നയിച്ച ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും സുപ്രിംകോടതി വിശദമാക്കി.

പ്രധാനമായും അഞ്ച് വിഷയങ്ങളാണ് പരിശോധിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 സ്ഥിരമാണോ താല്ക്കാലികമാണോ?, ഇന്ത്യൻ ഭരണഘടന ജമ്മു കശ്മീര്‍ ആകെ ബാധകമാണോ?, രാഷ്ട്രപതിയുടെ ആർട്ടിക്കിൾ 370 സംബന്ധിച്ച തീരുമാനം ഭരണഘടനാപരമാണോ?, ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചുപിട്ടത് നിയമപരമാണോ?, ജമ്മു കശ്മീര്‍ രണ്ടായി വിഭജിച്ചത് ശരിയാണോ? എന്നിവയാണവ.

ജമ്മു കശ്മീരിനെ വിഭജിച്ചതിനെതിരായ 23 ഹരജികളിലാണ് ഇന്ന് തീർപ്പ് കൽപ്പിച്ചത്. ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ സാധുതയും ഹരജിയിൽ ചോദ്യം ചെയ്തിരുന്നു. 2019 ആഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370ല്‍ മാറ്റം വരുത്തിയത്. ഇതിനെതിരെ 2020ല്‍ സമര്‍പ്പിക്കപ്പട്ട ഹരജികളില്‍ ഈ വര്‍ഷം ആഗസ്റ്റ് രണ്ട് മുതല്‍ 16 ദിവസം വാദ കേട്ട സുപ്രിംകോടതി കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു.

ഭരണഘടന അനുഛേദം 370 റദ്ദാക്കണമോ എന്ന് 1951 മുതല്‍ 1957 നിലനിന്ന ജമ്മു കശ്മീര്‍ ഭരണഘടനാ നിര്‍മാണസഭ തീരുമാനമെടുത്തിട്ടില്ല. അതിനാല്‍ 370 സ്ഥിരമായെന്നും ഭരണഘടന നിയമനിര്‍മാണ സഭയുടെ ദൗത്യം ഏറ്റെടുത്ത് പാര്‍ലമെന്‍റിന് ഭേദഗതി സാധ്യമല്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ഭരണഘടനാ നിര്‍മാണ സഭ നിലവിലുണ്ടെങ്കില്‍ തന്നെയും നിര്‍ദേശിക്കാനുള്ള അധികാരമേ ഉള്ളൂവെന്നും അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്. ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമായി തുടരുമെന്നും ജമ്മു കശ്മീർ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News