വിദ്വേഷ പ്രസംഗം തടയാൻ നടപടിയെടുക്കണം, പറയിപ്പിക്കരുത്- റൂർക്കി ധർമസൻസദില്‍ ഉത്തരാഖണ്ഡിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
''വിദ്വേഷ പ്രസംഗങ്ങൾ തടഞ്ഞില്ലെങ്കിൽ ചീഫ് സെക്രട്ടറിയായിരിക്കും ഉത്തരവാദി. ചീഫ് സെക്രട്ടറിയെ കോടതിയിലേക്ക് വിളിപ്പിക്കും. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിച്ചിരിക്കണം.'' സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ നാളെ നടക്കാനിരിക്കുന്ന ധർമസൻസദ് ഹിന്ദു മഹാപഞ്ചായത്തിനു മുന്നോടിയായി സംസ്ഥാന സർക്കാരിന് കർശന നിർദേശവുമായി സുപ്രീംകോടതി. നാളത്തെ പരിപാടിയിൽ വിദ്വേഷ പ്രസംഗങ്ങൾ തടയാൻ വേണ്ട നടപടികൾ കൈക്കൊള്ളാനാണ് ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, അഭയ് ശ്രീനിവാസ് ഓക, സി.ടി രവികുമാർ എന്നിവർ അംഗങ്ങളായ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിവിധ സംസ്ഥാനങ്ങളിൽ നടന്ന ധർമസൻസദുകളിലെ വിദ്വേഷ പ്രസംഗങ്ങളിൽ നടപടി ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ ഖുർബാൻ അലി, മുതിർന്ന അഭിഭാഷകനും മുൻ പാട്‌ന ഹൈക്കോടതി ജഡ്ജിയുമായ അഞ്ജന പ്രകാശ് എന്നിവർ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ''നിങ്ങൾ അടിയന്തരമായ നടപടി സ്വീകരിക്കണം. ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. പ്രതിരോധ നടപടികൾക്ക് വേറെയും മാർഗങ്ങളുണ്ട്. അത് എങ്ങനെ ചെയ്യണമെന്ന് നിങ്ങൾക്ക് അറിയാം''- ജസ്റ്റിസ് ഖാൻവിൽക്കർ ഉത്തരാഖണ്ഡ് സർക്കാരിന്റെ ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറൽ ജതീന്ദർ കുമാർ സേത്തിയോട് വ്യക്തമാക്കി.
''വിദ്വേഷ പ്രസംഗങ്ങൾ തടഞ്ഞിട്ടില്ലെങ്കിൽ ചീഫ് സെക്രട്ടറിയായിരിക്കും ഉത്തരവാദി. ചീഫ് സെക്രട്ടറിയെ കോടതിയിലേക്ക് വിളിപ്പിക്കും. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിക്കണം. വിദ്വേഷ പ്രസംഗം തടയാൻ വേണ്ട എല്ലാ നടപടികളും കൈക്കൊള്ളണം.'' കോടതി മുന്നറിയിപ്പ് നൽകി.
നാളെയാണ് ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ഹിന്ദു മഹാപഞ്ചായത്ത് നടക്കാനിരിക്കുന്നത്. ഇതിനു മുന്നോടിയായാണ് കോടതിയുടെ കർശന നിർദേശം. കഴിഞ്ഞ ഡിസംബറിൽ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന ത്രിദിന ധർമസൻസദിൽ ഹിന്ദുത്വ നേതാക്കൾ മുസ്്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരുന്നത്. അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ വിമർശങ്ങൾക്കിടയായ സംഭവത്തിനു പിന്നാലെ ഉത്തർപ്രദേശിലും ഹിമാചൽപ്രദേശിലും മധ്യപ്രദേശിലുമടക്കം നടന്ന ധർമസൻസദുകളിലും മുസ്‌ലിം വിദ്വേഷ പ്രസംഗങ്ങൾ തുടർന്നിരുന്നു. സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുക്കാൻ പൊലീസ് തുടക്കത്തിൽ തയാറായിരുന്നില്ല. കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ ആഴ്ചകൾ പിന്നിട്ടാണ് സംഘാടകനല്ലാത്ത മുൻ യു.പി ഷിയാ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്‌വി എന്ന ജിതേന്ദ്ര സിങ് ത്യാഗിക്കെതിരെ കേസെടുത്തത്. തുടർന്ന് അറസ്റ്റിലായ മുഖ്യസംഘാടകൻ യതി നരസിംഹാനന്ദ് ജാമ്യത്തിലിറങ്ങിയും വിദ്വേഷ പ്രസംഗം തുടരുകയാണ്.
Summary: 'Will hold Chief Secretary accountable': Supreme Court directs Uttarakhand Govt to prevent hate speeches at Roorkee Dharam Sansad