ജെല്ലിക്കെട്ടിന് അനുമതി നൽകി സുപ്രിം കോടതി; നൂറ്റാണ്ടായുള്ള ആചാരത്തിൽ ഇടപെടാനില്ല
ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അഭിവാജ്യഘടകമാണെന്നും കോടതി പറഞ്ഞു
ന്യൂഡല്‍ഹി: ജെല്ലിക്കെട്ടിന് അനുമതി നൽകി സുപ്രിംകോടതി ഭരണഘടന ബെഞ്ച്. ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാൻ തമിഴ്നാട് പാസാക്കിയ നിയമത്തിനെതിരായ ഹരജികളിലായിരുന്നു വിധി. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അഭിവാജ്യഘടകമാണെന്നും കോടതി പറഞ്ഞു.
നൂറ്റാണ്ടായുള്ള ആചാരത്തിൽ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. തമിഴ്നാട് പാസാക്കിയ ജെല്ലിക്കെട്ട് നിയമം ശരിവച്ച സുപ്രീംകോടതി നിരോധിച്ചതിനെ മറികടക്കാനുള്ള നിയമമാണ് തമിഴ്നാട് പാസാക്കിയതെന്ന വാദം അംഗീകരിച്ചില്ല. കേന്ദ്രത്തിനു മാത്രമാണ് നിയമം പാസാക്കാൻ അധികാരമെന്ന വാദവും കോടതി അംഗീകരിച്ചില്ല. കർണാടകയും മഹാരാഷ്ട്രയും ഇതുപോലുള്ള നിയമം പാസാക്കിയിട്ടുണ്ടെന്നു കോടതി പറഞ്ഞു.
മൃഗങ്ങളോടുള്ളക്രൂരത നിയന്ത്രിക്കുന്ന നിയമത്തിന്റെ ചുവട് പിടിച്ചാണ് 2014 ൽ സുപ്രിംകോടതി ജെല്ലിക്കെട്ട് നിരോധിച്ചത്.2017 ലെ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിൽ ജെല്ലിക്കെട്ടിനു നിയമസാധുത നൽകി. ഇതിനെതിരെ മൃഗസ്നേഹികളുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ "പേട്ട " നേരിട്ട് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ വിധി പറയാൻ മാറ്റിയ ഹരജിയിലാണ് ഇന്നത്തെ വിധി.
ഹരജി പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷൻ ജസ്റ്റിസ് കെ.എം.ജോസഫ് വിരമിക്കാനിരിക്കെയാണ് വിധി പ്രഖ്യാപനം. 2014 ൽ മലയാളിയായ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് ആണ് ജെല്ലിക്കെട്ട് നിരോധിച്ചത്.