കെജ്‍രിവാളിന്‍റെ ജാമ്യഹരജിയില്‍ വിധി ഇന്ന്; ജാമ്യം ലഭിച്ചാല്‍ ജയില്‍മോചിതനാകും
സിബിഐ എടുത്ത കേസിലാണ് വിധി പറയുക
ഡല്‍ഹി: ഡൽഹി മദ്യനയ അഴിമതിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യഹരജിയില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. സിബിഐ എടുത്ത കേസിലാണ് വിധി പറയുക. ഇതിൽ കൂടി ജാമ്യം ലഭിച്ചാൽ കെജ്‍രിവാള്‍ ജയിൽ മോചിതനാകും.നേരത്തെ ഇഡി എടുത്ത കേസിൽ സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു.ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഫയൽ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ജൂൺ 26നാണ് കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസിൽ ജൂലൈ 12ന് കെജ്‌രിവാളിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ജയിലിൽ കഴിയുന്നതിനിടെ ജൂണ്‍ 26ന് സിബിഐയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആദ്യം കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും പിന്നീട് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്യുകയാണെന്ന് സി.ബി.ഐ കോടതിയിൽ അറിയിച്ചു.അതേസമയം സാക്ഷി എന്ന നിലയില്‍ നിന്ന് പെട്ടെന്ന് എങ്ങനെ ഒരാള്‍ പ്രതിയാകുമെന്ന് കെജ്‍രിവാളിന്‍റെ അഭിഭാഷകർ ആരാഞ്ഞിരുന്നു.
എന്നാൽ മദ്യനയ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത് ഡൽഹി മുഖ്യമന്ത്രിയാണെന്നും സൗത്ത് ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പിന്നീട് മദ്യനയം ആവുകയായിരുന്നുവെന്നും സി.ബി.ഐ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.