മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി മണിപ്പൂർ സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു
ന്യൂഡല്‍ഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ടകേസ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഡിജിപി രാജീവ് സിങിനോട് ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകാനും എഫ്ഐആറുകൾ ആറായി തരം തിരിച്ചു നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി മണിപ്പൂർ സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. മണിപ്പൂരില്‍ ഭരണസംവിധാനവും ക്രമസമാധാനവും തകർന്നുവെന്നും സംസ്ഥാനത്ത് ക്രമസമാധാനം അവശേഷിക്കുന്നില്ലെന്നും കോടതിയുടെ വിലയിരുത്തി. എഫ് ഐ ആറുകൾ രജിസ്റ്റർ ചെയുന്നതുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ചകൾ മണിപ്പൂർ പൊലീസിൽ നിന്നുണ്ടായ സാഹചര്യത്തിലാണ് ഡിജിപി രാജീവ് സിങിനോട് കോടതിയിൽ ഹാജരാകാൻ ചീഫ് ജസ്റ്റിസ് നിർദേശം നൽകിയത്. എഫ്ഐആറുകൾ പോലും കൃത്യമായി രജിസ്റ്റർ ചെയ്യാൻ പൊലീസിന് കഴിയുന്നില്ലെന്നും കേസുകള്‍ അന്വേഷിക്കാന്‍ മണിപ്പൂര്‍ പൊലീസ് അശക്തരാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
മെയ് മൂന്ന് മുതല്‍ ജൂലൈ 30 വരെ സംഘർഷവുമായി ബന്ധപ്പെട്ട് 6,523 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സോളിസിസ്റ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. ഈ എഫ്ഐആറുകൾ ആറായി തരംതിരിച്ചുനല്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികൾക്കുമെതിരെയുള്ള 11 കേസുകള്‍ സിബിഐക്ക് വിടാൻ തയ്യാറന്നെന്നും സർക്കാർ അറിയിച്ചു. ഇരകളുടെ അവശ്യപ്രകാരം ഉന്നത അധികാര സമിതി രൂപീകരിക്കമെന്ന ആവശ്യത്തിൽ കോടതി ഇന്ന് അന്തിമതീരുമാനം എടുത്തേക്കും.