27കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; പ്രജ്ജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണ അറസ്റ്റിൽ
പീഡനം പുറത്തറിയാതിരിക്കാൻ രേവണ്ണയുടെ ആളുകൾ തനിക്ക് പണവും ജോലിയും വാഗ്ദാനം ചെയ്തതായും പരാതിക്കാരൻ
ബംഗളൂരു: പാർട്ടി പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജെ.ഡി.എസ് എം.എല്‍.സി സൂരജ് രേവണ്ണ അറസ്റ്റിൽ. ലൈംഗികാതിക്രമ കേസിൽ ജയിലിൽ കഴിയുന്ന പ്രജ്ജ്വൽ രേവണ്ണയുടെ സഹോദരനാണ് സൂരജ്.
ജൂൺ 16ന് ഹാസൻ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാംഹൗസിൽ വെച്ച് സൂരജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം പുറത്തറിയാതിരിക്കാൻ രേവണ്ണയുടെ ആളുകൾ തനിക്ക് പണവും ജോലിയും വാഗ്ദാനം ചെയ്തതായും പരാതിക്കാരൻ ആരോപിച്ചു.
എന്നാൽ യുവാവിന്റെ ആരോപണം സൂരജ് നിഷേധിച്ചു. വ്യാജ പരാതിയാണെന്നും 5 കോടി കൊടുക്കാത്തതിനാലാണ് യുവാവ് പരാതി നൽകിയതെന്നും സൂരജ് പറഞ്ഞു. നേരത്തെ, സൂരജ് രേവണ്ണയുടെ സുഹൃത്ത് ശിവകുമാർ, യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ജെ.ഡി.എസ് പ്രവർത്തകന്‍ തന്നെ സമീപിച്ചെന്നും 5 കോടിരൂപ കൊടുത്തില്ലെങ്കിൽ ലൈംഗിക പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി.
ലൈംഗികാതിക്രമകേസിൽ പ്രതിയായ മുൻ എം.പി പ്രജ്വൽ രേവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സഹോദരന്‍റെയും അറസ്റ്റ്. ഇരുവരുടെയും പിതാവ് എച്ച്.ഡി. രേവണ്ണക്കെതിരേ പീഡനത്തിനിരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയതിനും കേസുണ്ട്.