'കാർ രണ്ടുമൂന്നു തവണ മലക്കംമറിഞ്ഞു; പന്ത് പാതി പുറത്തേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു'; അപകടരംഗം വിവരിച്ച് രക്ഷകനായ ഡ്രൈവർ

'അടുത്തെത്തിയപ്പോൾ ഋഷഭ് പന്താണ്, ക്രിക്കറ്റ് താരമാണെന്നു പറഞ്ഞു. ഞാനൊരു ക്രിക്കറ്റ് ആരാധകനല്ലാത്തതുകൊണ്ട് ആളെ മനസിലായില്ല. കണ്ടക്ടറാണ് അദ്ദേഹം ഇന്ത്യൻ താരമാണെന്ന് പറയുന്നത്.'

Update: 2022-12-30 17:04 GMT
Editor : Shaheer | By : Web Desk
Advertising

ഡെറാഡൂൺ: കാറപകടത്തിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ രക്ഷപ്പെടാൻ ഒരു സാധ്യതയുമുണ്ടായിരുന്നില്ലെന്ന് രക്ഷകനായ ബസ് ഡ്രൈവർ സുശീൽ മൻ. രണ്ടു മൂന്നു തവണ കീഴ്‌മേൽ മറിഞ്ഞ ശേഷമാണ് കാർ ഡിവൈഡറിൽ ഇടിച്ചുനിന്നതെന്നും താരം പാതി കാറിൽനിന്ന് പുറത്തേക്ക് തലയിട്ടു കിടക്കുന്ന നിലയിലാണ് കണ്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി.

'അപ്പോഴേക്കും കാറിന്റെ പിൻഭാഗം കത്തിത്തീർന്നിരുന്നു'

പുലർച്ചെ 4.25ന് ഹരിദ്വാർ വിട്ട ശേഷം ഒരു സ്റ്റോപ്പിലെത്തിയപ്പോൾ ബസിന്റെ വേഗത ഒന്നു കുറച്ചു. അപ്പോഴുണ്ട് മുന്നിൽ, ഒരു 300 മീറ്റർ അകലെ ഇത്തിരി വെളിച്ചം അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നത് ശ്രദ്ധയിൽപെട്ടു. അതൊരു കാറാണെന്ന് ഊഹിക്കാൻ പ്രയാസമായിരുന്നു. എന്തോ അപകടമുണ്ടെന്ന് ഞാൻ കണ്ടക്ടറോട് പറഞ്ഞു. 100 മീറ്റർ അടുത്തെത്തിയപ്പോൾ ഹരിദ്വാർ ഭാഗത്തുനിന്ന് ഒരു കാർ ഡിവൈഡറിൽ ഇടിച്ചുനിന്നു. ഈ കാഴ്ച കണ്ട് ബസിനകത്തെ യാത്രക്കാർ ശരിക്കും പേടിച്ചു.

ഡിവൈഡറിൽ ഇടിക്കുംമുൻഡപ് രണ്ടുമൂന്നു തവണ മലക്കംമറിഞ്ഞിരുന്നു. പന്ത് പാതി കാറിനു പുറത്ത് തൂങ്ങിക്കിടക്കുകയായിരുന്നു. ബ്രേക്ക് പിടിച്ച് ഞാനും കണ്ടക്ടറും കാറിനടുത്തേക്ക് ഓടിച്ചെന്നു. ബസിനകത്തുണ്ടായിരുന്ന യാത്രക്കാരും ഞങ്ങളെ സഹായിക്കാനെത്തി. ഒറ്റയ്ക്കാണോ എന്നു ചോദിച്ചപ്പോൾ 'അതെ' എന്നു പറഞ്ഞു. ആൾക്കു ബോധമുണ്ടെന്നു മനസിലായി.

അപ്പോഴേക്കും കാറിന്റെ പിൻഭാഗം പൂർണമായി കത്തിക്കഴിഞ്ഞിരുന്നു. കാര്യങ്ങളെല്ലാം ഒറ്റയടിക്കു തീരേണ്ടതായിരുന്നു. പന്ത് ബാക്കിയുണ്ടാകുമായിരുന്നില്ല. അടുത്തെത്തിയപ്പോൾ താൻ ഋഷഭ് പന്താണ്, ക്രിക്കറ്റ് താരമാണെന്നു പറഞ്ഞു. ഞാനൊരു ക്രിക്കറ്റ് ഫാനല്ല. കബഡി ആരാധകനാണ്. അതുകൊണ്ട് ആളെ മനസിലായില്ല. കണ്ടക്ടറാണ് അദ്ദേഹം ഇന്ത്യൻ താരമാണെന്നു പറയുന്നത്.

'അമ്മയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു'

ഞങ്ങൾ അദ്ദേഹത്തെ പുറത്തെടുത്ത് ഡിവൈഡറിൽ കിടത്തി. വെള്ളം ചോദിച്ചപ്പോൾ അതു നൽകി. ഒരു യാത്രക്കാരൻ അദ്ദേഹത്തെ ഒരു തുണികൊണ്ട് മൂടി. ഈ സമയത്ത് ഞാൻ പൊലീസിനെയും ആംബുലൻസിനെയും വിളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ, രണ്ടും തിരക്കിലായിരുന്നു.

ഈ സമയത്ത് കാറിൽ തീ ആളിക്കത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ആശങ്കയിലായിരുന്നു ഞങ്ങൾ. റോഡിൽ തീഗോളം പോലെയായിരുന്നു അത്. മറ്റു വാഹനങ്ങൾ വന്ന് ഇടിക്കുമോ എന്നു പേടിച്ചു. ഇതിനിടയ്ക്ക് അദ്ദേഹം അമ്മയുടെ ഫോൺ നമ്പർ പറഞ്ഞുതന്നു. അതിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു.

അദ്ദേഹത്തെ ബസിൽ കയറ്റി ആശുപത്രിയിലെത്തിക്കാമെന്ന് കണ്ടക്ടർ പറഞ്ഞു. ആ സമയത്താണ് പൊലീസും ആംബുലൻസും എത്തുന്നത്. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Summary: Sushil Mann, the bus driver who saved Rishabh Pant, recalls horrifying moments from car accident

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News