'എനിക്കവളുടെ പെരുമാറ്റം ഇഷ്ടമായില്ല, ഞാന്‍ അവളെ കൊന്നു': മകളെ കൊലപ്പെടുത്തി വീഡിയോയുമായി അച്ഛന്‍
പെൺകുട്ടി കൊല്ലപ്പെടുത്തിനു രണ്ട് ദിവസം മുമ്പ്, പ്രതി മകളുടെ പെരുമാറ്റത്തെക്കുറിച്ച് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു
വിശാഖപട്ടണം: 16കാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം സമൂഹ മാധ്യമങ്ങളില്‍ ഇക്കാര്യം വിശദീകരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത് അച്ഛന്‍. മകളുടെ പ്രണയത്തോടുള്ള എതിര്‍പ്പാണ് കൊലയ്ക്ക് കാരണമെന്നാണ് അച്ഛന്‍റെ വിശദീകരണം. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം.
വി വരപ്രസാദ് എന്നയാളാണ് മകളെ കൊലപ്പെടുത്തിയെന്ന് ഫേസ് ബുക്കിലൂടെ കുറ്റസമ്മതം നടത്തിയത്. നവംബര്‍ നാലിനായിരുന്നു സംഭവം. മകളെ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു- "ആ ആണ്‍കുട്ടിക്ക് വേണ്ടിയല്ല ഞാൻ എന്റെ മകളെ വളർത്തിയത്. വിദ്യാഭ്യാസം നല്‍കി ഉത്തരവാദിത്വമുള്ളവള്‍ ആവാനാണ് ഞാന്‍ അവളെ വളര്‍ത്തിയത്. ഞാൻ അവളെ ബോക്സിങ് ക്ലാസില്‍ ചേർത്തു. അവൾ ആഗ്രഹിച്ച സ്കൂളിൽ അയച്ചു. എന്‍റെ പെൺമക്കൾക്ക് നല്ല ഭാവി നൽകാൻ ഞാൻ എന്‍റെ സ്വന്തം ഭാവി ത്യജിച്ചു. അത് എന്‍റെ ഉത്തരവാദിത്വമാണ്. ഞാൻ അവളുടെ പെരുമാറ്റം നിരീക്ഷിച്ചു. അവൾ എല്ലാത്തിൽ നിന്നും വ്യതിചലിച്ചു. എനിക്കത് ഇഷ്ടമായില്ല. ഇന്ന് എന്‍റെ അമ്മയുടെ ചരമവാർഷികമാണ്. അതേ ദിവസം ഞാൻ എന്റെ മകളെ കൊന്നു". ഇത്രയും പറഞ്ഞ ശേഷം അച്ഛന്‍ മകളുടെ മൃതദേഹം വീഡിയോയിൽ കാണിച്ചു. പെൺകുട്ടിക്ക് 17 വയസ്സ് തികയുന്നതിന് ഒരു ദിവസം മുന്‍പാണ് കൊലപ്പെടുത്തിയത്.
പെൺകുട്ടി കൊല്ലപ്പെടുത്തിനു രണ്ട് ദിവസം മുമ്പ്, പ്രതി മകളുടെ പെരുമാറ്റത്തെക്കുറിച്ച് പരാതിയുമായി ഐ ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ രേവതി പറഞ്ഞു. മകൾ താൻ പറയുന്നത് കേൾക്കുന്നില്ലെന്നായിരുന്നു പരാതി. തുടർന്ന് പൊലീസ് മകളോട് സംസാരിച്ചു. പൊലീസ് പറഞ്ഞതിങ്ങനെ-
"അവരുടെ കുടുംബത്തിൽ ഒരുപാട് അസ്വസ്ഥതകളുണ്ടെന്ന് മനസ്സിലായി. പ്രതിയും ഭാര്യയും ഇതര ജാതികളില്‍പ്പെട്ടവരാണ്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്നാല്‍ പ്രതിയുടെ ഉപദ്രവം സഹിക്കാനാവാതെ ഭാര്യ വീടുവിട്ടു. പിന്നീട് മൂത്തമകൾ പ്രണയിച്ച് വിവാഹം കഴിച്ച് വീടുവിട്ടിറങ്ങി. തന്റെ ഇളയ മകളും പ്രണയത്തിലാകുമെന്ന് പ്രതി ഭയന്നു. ആണ്‍കുട്ടികളോട് സംസാരിക്കുന്നതില്‍ നിന്ന് വിലക്കി. പക്ഷേ പിതാവിന്‍റെ ആക്രമണോത്സുക പെരുമാറ്റം അംഗീകരിക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ല".
വരപ്രസാദ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തുടര്‍ന്ന് പൊലീസ് പ്രതിയുടെ വീട്ടിലെത്തി മൃതദേഹം കണ്ടെത്തി. ആംബുലൻസ് ഡ്രൈവറാണ് വരപ്രസാദ്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.