വിശ്വാസ പ്രമേയം അവതരിപ്പിച്ച് കെജ്‌രിവാൾ; പ്രതിഷേധിച്ച ബി.ജെ.പി എം.എൽ.എമാർക്ക് സസ്‌പെൻഷൻ

ഡൽഹിയിൽ ഓപ്പറേഷൻ താമര പരാജയപ്പെട്ടെന്നും നികുതിപ്പണം എവിടെ പോകുന്നു എന്ന് കേന്ദ്ര സർക്കാർ പറയണമെന്നും കെജ്‌രിവാള്‍

Update: 2022-08-29 07:31 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: ഡൽഹി നിയമസഭയിൽ  വിശ്വാസപ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വിശ്വാസ പ്രമേയം അവതരിപ്പിച്ചപ്പോൾ പ്രതിഷേധിച്ച എല്ലാ ബി.ജെ.പി എം.എൽ.എമാരെയും സസ്‌പെന്റ് ചെയ്തു. കേന്ദ്രസർക്കാറിനും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമർശനമാണ് കെജരിവാൾ ഉന്നയിച്ചത്.

നികുതിപ്പണം ഓപ്പറേഷൻ താമരയ്ക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നും നികുതിപ്പണം എവിടെ പോകുന്നു എന്ന് കേന്ദ്ര സർക്കാർ പറയണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. 'ഡൽഹിയിൽ ഓപ്പറേഷൻ താമര പരാജയപ്പെട്ടു. ഭക്ഷ്യവസ്തുക്കൾക്ക് കേന്ദ്ര സർക്കാർ നികുതി കുത്തനെ കൂട്ടി. നികുതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായാൽ രാജ്യത്തെ വിലക്കയറ്റം തനിയെ കുറയുമെന്നും' കെജ്‌രിവാൾ പറഞ്ഞു.

കോടിപതികളുടെ കടങ്ങൾ എഴുതി തള്ളുന്നുണ്ടെങ്കിലും കർഷകരുടെയും വിദ്യാർഥികളുടെയും കടങ്ങൾ എഴുതി തള്ളാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.എൽ.എമാർ തനിക്കൊപ്പമുണ്ടെന്നും ബി.ജെ.പിയുടെ 'ഓപ്പറേഷൻ താമര' നീക്കം പൊളിഞ്ഞുവെന്ന് ഡൽഹി ജനതയെ ബോധ്യപ്പെടുത്താനാണ് ഇന്ന് വിശ്വാസ പ്രമേയം നടത്തുന്നതെന്ന് കെജ്‌രിവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു.  എംഎൽഎമാരെ ബിജെപി 20 കോടി വാ​ഗ്ദാനം ചെയ്ത് പാർട്ടിയിലേക്ക് ക്ഷണിച്ചുവെന്ന് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഇതിനെതുടർന്ന് പാർട്ടിയിൽ കൂറുമാറ്റമില്ലെന്ന് തെളിയിക്കാനാണ് പാർട്ടി അധ്യക്ഷൻ കൂടിയായ കെജ്‌രിവാള്‍ വിശ്വാസവോട്ടിന് നിർദേശിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News