സ്വാതി മാലിവാൾ കേസ്; ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷയിൽ ജൂലൈ 12ന് വിധി പറയും

ബിഭവ് കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 16 വരെ നീട്ടിയിരുന്നു

Update: 2024-07-10 12:35 GMT
Advertising

ഡൽഹി: രാജ്യസഭാ എം.പി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ മുൻ പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാർ നൽകിയ ജാമ്യാപേക്ഷയിൽ ജൂലൈ 12ന് വിധി പറയും. ഡൽഹി ഹൈക്കോടതിയാണ് വിധി പറയുന്നത്. ബിഭവ് കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി കോടതി ജൂലൈ 16 വരെ നീട്ടിയിരുന്നു. ഡൽഹി പൊലീസിന്റേയും മാലിവാളിന്റേയും അഭിഭാഷകരുടെ വാദം കേട്ടതിന് ശേഷമാണ് ജസ്റ്റിസ് അനൂപ് കുമാർ മെൻഡിരട്ട ജാമ്യാപേക്ഷയിൽ വിധി പറയുന്നത്.

കഴിഞ്ഞ മെയ് 13ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് സ്വാതി മാലിവാളിനെ ആക്രമിച്ചെന്നാണ് കേസ്. മെയ് 18ന് തന്നെ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് തന്നെ ബിഭവ് കുമാർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അറസ്റ്റ് ചെയ്തതോടെ അത് നിഷ്ഫലമായെന്നായിരുന്നു കോടതിയുടെ വാദം. തുടർന്ന് അദ്ദേഹത്തെ മെയ് 24ന് നാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അത് വീണ്ടും മൂന്ന് ദിവസത്തേക്ക് നീട്ടി.

കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹരജിയെ എതിർത്തപ്പോൾ, നിലവിലെ അന്വേഷണത്തിൽ കുമാർ ഇടപെട്ടേക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്.

ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ സ്വാതി മാലിവാൾ പൊട്ടിക്കരഞ്ഞിരുന്നു. വാദം നടക്കവേ ഡൽഹി തീസ് ഹസാരി കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അതിക്രമം നടന്നതായി പറയുന്ന സമയത്ത് ബിഭവ് കുമാർ മുഖ്യമന്ത്രിയുടെ വസതിയിലില്ല എന്നായിരുന്നു പ്രതിഭാഗത്തിൻറെ പ്രധാനവാദം.സ്വാതിയുടെ ശരീരത്തിലെ പരിക്കുകൾ ഗുരുതരമല്ലെന്നും അവ സ്വാതി സ്വയം ഉണ്ടാക്കിയതാവാമെന്നും പ്രതിഭാഗം അഭിഭാഷൻ എൻ ഹരിഹരൻ വാദിച്ചു. ഇതിനുപിന്നാലെയാണ് സ്വാതി പൊട്ടിക്കരഞ്ഞത്.

കഴിഞ്ഞ മെയ് 13ന് അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വെച്ച് ബിഭവ് തന്നെ കയ്യേറ്റം ചെയ്തെന്നാണ് സ്വാതി മാലിവാളിന്റെ പരാതി. ബിഭവ് കുമാർ തൻറെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും കെജ്രിവാളിൻറെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നും കാണിച്ച് സ്വാതി പൊലീസിന് മൊഴിയും നൽകിയിരുന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News