'ഗുണ്ടയെ രക്ഷിക്കാനുള്ള നീക്കം': അതിക്രമക്കേസിൽ ആംആദ്മി പാർട്ടി ആരോപണത്തിൽ സ്വാതി മലിവാൾ
'ഈ ഗുണ്ട പാർട്ടിയെ ഭീഷണിപ്പെടുത്തുകയാണ്. തന്നെ അറസ്റ്റ് ചെയ്താൽ താൻ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തും'- സ്വാതി മലിവാൾ പറഞ്ഞു.
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്‍റ് ബൈഭവ് കുമാറിൽ നിന്നും അതിക്രമം നേരിട്ട സംഭവത്തിൽ ആംആദ്മി പാർട്ടി വക്താവിന്റെ ആരോപണം തള്ളി പരാതിക്കാരിയായ സ്വാതി മലിവാൾ. സ്വാതി നുണ പറയുകയാണെന്നും പരാതിയിൽ ഗൂഢാലോചനയുണ്ടെന്നും ആം ആദ്മി പാർട്ടി വക്താവും ഡൽഹി മന്ത്രിയുമായ അതിഷി മർലേനയുടെ ആരോപണത്തിന് മറുപടിയുമായാണ് ആപ് രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മീഷൻ മുൻ ചെയർപേഴ്സണുമായ സ്വാതി മലിവാൾ രംഗത്തെത്തിയത്.
ബൈഭവ് കുമാറിന്റെ സമ്മർദത്തിന് പാർട്ടി വഴങ്ങിയെന്നും ഗുണ്ടയെ രക്ഷിക്കാൻ പാർട്ടി തന്റെ സ്വഭാവത്തെ ചോദ്യം ചെയ്യുകയാണെന്നും സ്വാതി മലിവാൾ എക്സിൽ കുറിച്ചു. ആംആദ്മി പാർട്ടി യൂട്ടേൺ അടിക്കുകയാണ്. ബൈഭവ് കുമാറെന്ന ഗുണ്ടയെ സംരക്ഷിക്കാൻ പാർട്ടി കൂട്ടുനിൽക്കുകയാണ്.
ഈ ഗുണ്ട പാർട്ടിയെ ഭീഷണിപ്പെടുത്തുകയാണ്. തന്നെ അറസ്റ്റ് ചെയ്താൽ താൻ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തും. അതുകൊണ്ടാണ് അയാൾ ലഖ്‌നൗവിലും മറ്റ് പലയിടത്തും അഭയം തേടി അലയുന്നത്. രാജ്യത്തെ മുഴുവൻ സ്ത്രീകൾക്ക് വേണ്ടി താൻ ഒറ്റയ്ക്ക് പോരാടുകയാണെന്നും സത്യം ഉടൻ പുറത്തുവരുമെന്നും സ്വാതി മലിവാൾ പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് മുതൽ ബിജെപി വിയർക്കുകയാണെന്നും അതിനാൽ അവർ ഗൂഢാലോചന നടത്തുകയാണെന്നും ഈ ഗൂഢാലോചനയുടെ മുഖവും നിക്ഷേപവുമാണ് സ്വാതിയെന്നും അതിഷി ആരോപിച്ചിരുന്നു. ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ മെയ് 13ന് രാവിലെ സ്വാതി മലിവാളിനെ ബിജെപി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലേക്ക് അയച്ചു. മുൻകൂട്ടി അനുമതി എടുക്കാതെയാണ് അവർ വന്നത്.
ബിജെപി കെജ്‌രിവാളിനെ കുടുക്കാനാണ് ഉദ്ദേശിച്ചത്. എന്നാൽ, ആ സമയത്ത് മുഖ്യമന്ത്രി അവിടെ ഇല്ലാതിരുന്നതിനാൽ അദ്ദേഹം രക്ഷപ്പെട്ടു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്‍റ് ബൈഭവ് കുമാറിനെതിരെ അവർ ആരോപണം ഉന്നയിച്ചു. താൻ ആക്രമിക്കപ്പെട്ടുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ഇന്ന് പുറത്തുവന്ന വീഡിയോയിൽ അവർ മുഖ്യമന്ത്രിയുടെ വീട്ടിൽ സുഖമായി ഇരിക്കുന്നതും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതുമാണ് കാണുന്നത്. ബൈഭവ് കുമാറിനെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. അവരുടെ വസ്ത്രം വലിച്ചുകീറിയതായോ തലക്ക് പരിക്കേറ്റതായോ അതിൽ കാണാനാകില്ലെന്നും അതിഷി പറഞ്ഞു.
അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്‍റ് ബൈഭവ് കുമാറിൽ നിന്നും താൻ അതിക്രമം നേരിട്ട സംഭവത്തിൽ ബിജെപി രാഷ്ട്രീയം കളിക്കരുതെന്ന് സ്വാതി മലിവാൾ വെിള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്വാതിക്കെതിരെ ഗുരുതര ആരോപണവുമായി പാർട്ടി തന്നെ രംഗത്തുവന്നത്.
അതേസമയം, സ്വാതി മലിവാളിന്‍റെ പരാതിയിൽ ബൈഭവ് കുമാറിനെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം എസിപിയുടെ നേതൃത്വത്തിൽ ഡൽഹി പൊലീസിലെ രണ്ടംഗസംഘം സ്വാതിയുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. വെള്ളിയാഴ്ച ഡൽഹി തീസ് ഹസാരി കോടതിയും മലിവാളിന്റെ മൊഴി രേഖപ്പെടുത്തി. സ്വാതിയെ എയിംസിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
കൂടാതെ ഡൽഹി പൊലീസും ഫോറൻസിക് സംഘവും മുഖ്യമന്ത്രിയുടെ വസതിയിലെത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു. കെജ്‌രിവാളിനെ സന്ദര്‍ശിക്കാൻ വീട്ടിലെത്തിയ സമയത്ത് തന്നെ ബൈഭവ് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. സ്വാതിക്ക് ബൈഭവ് കുമാറിൽ നിന്നേൽക്കേണ്ടിവന്നത് ക്രൂരമായ ആക്രമണമെന്നാണ് എഫ്.ഐ.ആർ റിപ്പോർട്ട്. സ്വാതിയുടെ വയറ്റിൽ ഇടിക്കുകയും തല്ലുകയും ചവിട്ടുകയും ചെയ്തെന്ന് എഫ്ഐആറിൽ പറയുന്നു. ഐപിസി 354, 506, 509, 323 വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, സ്വാതി മലിവാളിനെതിരെ ബൈഭവ് കുമാറും പരാതി നൽകിയിട്ടുണ്ട്.