പിറന്നാൾ കേക്ക് കഴിച്ച് പത്തുവയസ്സുകാരി മരിച്ച സംഭവം; വില്ലനായത് അമിത അളവില്‍ ചേര്‍ത്ത കൃത്രിമ മധുരം

സാക്കറിന്‍റെ അളവ് കൂടിയാല്‍ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് അതിവേഗം ഉയരുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു

Update: 2024-04-23 05:10 GMT
Editor : Lissy P | By : Web Desk
Advertising

പട്യാല: പഞ്ചാബിലെ പട്യാലയിൽ ഓൺലൈനായി ഓർഡർ ചെയ്തുവാങ്ങിയ പിറന്നാൾ കേക്ക് കഴിച്ച പത്തുവയസ്സുകാരി മരിച്ച സംഭവത്തില്‍ വില്ലനായത് കേക്കില്‍ അമിത അളവില്‍ ചേര്‍ത്ത കൃത്രിമ മധുരമെന്ന് റിപ്പോര്‍ട്ട്.  മാർച്ച് 24 നാണ്  ജന്മദിനത്തിനായി പട്യാലയിലെ  ബേക്കറിയിൽ നിന്ന് വാങ്ങിയ ചോക്ലേറ്റ് കേക്ക് കഴിച്ച് മാൻവി എന്ന കുട്ടി മരിച്ചത്. 

സംഭവത്തില്‍ കേക്കിന്‍റെ സാമ്പിൾ ആരോഗ്യവകുപ്പ് അധികൃതര്‍ ശേഖരിക്കുകയും പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. കൃത്രിമ മധുരത്തിനായി ഉപയോഗിക്കുന്ന സാക്കറിന്‍ എന്ന സംയുക്തമാണ് മരണത്തിന് കാരണമായതെന്നാണ് പരിശോധനാ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഭക്ഷണത്തിലും പാനീയങ്ങളിലും ചെറിയ അളവിൽ സാക്കറിൻ ചേര്‍ക്കാറുണ്ട്. എന്നാല്‍ അതിന്‍റെ അളവ് കൂടിയാല്‍ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് അതിവേഗം ഉയരാൻ കാരണമാകുമെന്ന് ജില്ലാ ആരോഗ്യ ഓഫീസർ, ഡിഎച്ച്ഒ ഡോ വിജയ് ജിൻഡാൽ എൻഡിടിവിയോട് പറഞ്ഞു.

സംഭവത്തില്‍ ബേക്കറി ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബേക്കറിക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നും പിഴ ചുമത്തുമെന്ന് അധികൃതർ പറഞ്ഞു. 

 കേക്ക് കഴിച്ചതിന് പിന്നാലെ മാൻവിക്കും സഹോദരിക്കുമടക്കം രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി വീട്ടുകാർ പറയുന്നു.തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ കുട്ടികൾ ഛർദ്ദിക്കാന്‍ തുടങ്ങി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മാൻവിയുടെ മുത്തച്ഛൻ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും മാൻവിയുടെ ജീവൻ രക്ഷിക്കാനായില്ല. 


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News