കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ചരിത്രസ്മാരകം; റെക്കോർഡിന് ഇളക്കം തട്ടാതെ താജ്മഹൽ
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിനിടെ ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ചത് 132 കോടി രൂപ
ഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന ചരിത്ര സ്മാരകമെന്ന റെക്കോർഡിന് ഇളക്കം തട്ടാതെ താജ്മഹൽ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിനിടെ താജ്മഹൽ ടിക്കറ്റ് വിൽപ്പനയിലൂടെ 132 കോടി രൂപ ലഭിച്ചു. വിവാദങ്ങൾക്ക് ഇടയിലും നിരവധി സന്ദർശകരാണ് ഓരോ ദിവസവും താജ്മഹലിൽ എത്തുന്നത്
കൊവിഡ് മഹാമാരിയുടെ കാലത്ത് എല്ലാ പൈതൃക സ്ഥലങ്ങളും സ്മാരകങ്ങളും മാസങ്ങളോളം അടച്ചിടുകയും സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടാകുകയും ചെയ്തിരുന്നു. അതിനു ശേഷം പല സ്ഥലങ്ങളും തുറന്ന് നൽകിയെങ്കിലും സന്ദർശകർ കുറവായിരുന്നു. എന്നാൽ, താജ് മഹൽ കാണാൻ എത്തുന്നവരുടെ എണ്ണം കുത്തനെ കൂടുകയിരുന്നു.
2019 മുതൽ 2022 വരെയുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിലെ പ്രവേശന ടിക്കറ്റ് വിൽപ്പനയിലൂടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മൊത്തം വരുമാനത്തിന്റെ 24 ശതമാനം താജ്മഹലിൽ നിന്നുള്ളതാണ്. 2019-20 ൽ 97.5 കോടി രൂപയായും 2020-21 ൽ 9.5 കോടിയും 2021-22ൽ 25.61 കോടി രൂപയും വരുമാനമുണ്ടാക്കി. മുഗൾ രാജകുടുംബത്തിന്റെ ശവകുടീരങ്ങൾ ഉൾക്കൊള്ളുന്ന പ്രധാന സ്ഥലത്ത് 200 രൂപയുടെ പ്രത്യേക പാസ്സ് എടുക്കണം. ഇതിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 17.76 കോടി രൂപ അധികമായി ലഭിച്ചു. താജ് മഹൽ സ്ഥിതിചെയ്യുന്ന ഭൂമിക്ക് മേൽ നിരവധി അവകാശ വാദങ്ങൾ ഉയരുന്നതിടെയാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്.