'പോയി ഗവേഷണം ചെയ്യൂ, എന്നിട്ടു വരൂ'; താജ്മഹൽ ഹരജിക്കാരനെ ശാസിച്ച് അലഹബാദ് ഹൈക്കോടതി

താജ്മഹലിലെ അടച്ചിട്ട മുറികളിൽ കയറാൻ അനുമതി നൽകണമെന്ന ഹരജിക്കാരന്റെ ആവശ്യത്തോട് രോഷത്തോടെയാണ് കോടതി പ്രതികരിച്ചത്.

Update: 2022-05-12 08:43 GMT
Editor : abs | By : Web Desk
Advertising

ലഖ്‌നൗ: താജ്മഹലിലെ അടച്ചിട്ട 20 മുറികൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജിയിൽ രൂക്ഷവിമർശനങ്ങളുന്നയിച്ച് അലഹബാദ് ഹൈക്കോടതി. ഇങ്ങനെയാണ് എങ്കിൽ നാളെ ജഡ്ജിമാരുടെ ചേംബറിലെ മുറിയും നിങ്ങൾ തുറക്കാൻ ആവശ്യപ്പെടുമല്ലോ എന്ന് ഹർജിക്കാരനോട് കോടതി പറഞ്ഞു. വിഷയത്തിൽ നന്നായി ഗവേഷണം ചെയ്തു വരാനും കോടതി ഹർജിക്കാരനെ 'ഉപദേശിച്ചു'.

ബിജെപിയുടെ അയോധ്യഘടകത്തിലെ സമൂഹമാധ്യമ ചുമതലയുള്ള രജനീശ് സിങ് ആണ് ആവശ്യവുമായി ലഖ്‌നൗ ബഞ്ചിനെ സമീപിച്ചത്. മുറികൾ തുറന്നു പരിശോധിക്കണമെന്നും ഇതേക്കുറിച്ച് അന്വേഷിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദേശിക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. താജ്മഹൽ പഴയ ശിവക്ഷേത്രമാണെന്ന് ചില ചരിത്രകാരും ഹിന്ദു സംഘടനകളും അവകാശവാദമുന്നയിച്ചതായി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.  



'പോയി ഗവേഷണം ചെയ്യൂ. എംഎയും പിഎച്ച്ഡിയും എടുക്കൂ. എന്നിട്ട് ഇത്തരത്തിലുള്ള വിഷയം എടുക്കൂ. ആ വിഷയത്തിലെ ഗവേഷണത്തിൽ ആരെങ്കിലും തടസ്സം നിന്നാൽ ഞങ്ങളുടെ അടുത്തു വരൂ.' - കോടതി നിർദേശിച്ചു. 



താജ്മഹലിലെ അടച്ചിട്ട മുറികളിൽ കയറാൻ അനുമതി നൽകണമെന്ന ഹരജിക്കാരന്റെ ആവശ്യത്തോട് രോഷത്തോടെയാണ് കോടതി പ്രതികരിച്ചത്. 'നാളെ നിങ്ങൾ ജഡ്ജിയുടെ ചേംബറിലെ മുറികൾ തുറക്കണമെന്ന് നിങ്ങൾ ആവശ്യപ്പെടുമോ?' - എന്നായിരുന്നു കോടതിയുടെ ചോദ്യം. പൊതുതാത്പര്യ ഹരജി സംവിധാനത്തെ പരിസഹിക്കുന്നതാണ് ഹരജിയെന്നും കോടതി കുറ്റപ്പെടുത്തി.  

ജസ്റ്റിസ് ഡി.കെ ഉപാധ്യായ, ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി എന്നിവർ അടങ്ങുന്ന ബഞ്ചാണ് ഹരജി പരിഗണിച്ചത്. ആഗ്ര കോടതിയിൽ സമാന കേസ് നിലവിലുണ്ടെന്നും കേസ് ലഖ്‌നൗ ബഞ്ച് പരിഗണിക്കേണ്ടതില്ലെന്നുമുള്ള നിലപാടാണ് യുപി സർക്കാർ കോടതിയിൽ സ്വീകരിച്ചത്.

'ജയ്പൂർ രാജകുടുംബ ഭൂമിയിൽ'

ജയ്പൂർ രാജകുടുംബത്തിന്റെ കൊട്ടാരം താജ്മഹൽ ഭൂമിയിലായിരുന്നുവെന്നും മുഗൾ ചക്രവർത്തി ഷാജഹാൻ ഭൂമി പിന്നീട് കൈവശപ്പെടുത്തുകയായിരുന്നു എന്നും കഴിഞ്ഞ ദിവസം ജയ്പൂർ രാജകുടുംബാംഗവും ബിജെപി എംപിയുമായ ദിയാ കുമാരി അവകാശപ്പെട്ടിരുന്നു. തന്റെ വാദം തെളിയിക്കുന്ന തക്കതായ രേഖകൾ കൈവശമുണ്ടെന്നും എംപി പറയുന്നു. 



രാജസ്ഥാനിലെ രാജ്സമന്ദ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി ലോക്‌സഭാ എംപിയാണ് ദിയാകുമാരി. ''ഇന്ന് സർക്കാർ ഒരു ഭൂമി ഏറ്റെടുത്താൽ അതിന് അർഹമായ നഷ്ടപരിഹാരം നൽകും, അന്ന് രാജകുടുംബത്തിന് ഷാജഹാൻ ചക്രവർത്തി നഷ്ടപരിഹാരം നൽകിയില്ലെന്നും കേട്ടിട്ടുണ്ട്, ഭൂമി കൈവശപ്പെടുത്തിയതിനെതിരെ അപ്പീൽ നൽകാവുന്ന നിയമം അന്നുണ്ടായിരുന്നില്ല, ചരിത്രപരമായി താജ്മഹൽ ഭൂമി തീർച്ചയായും ജയ്പൂർ രാജകുടുംബത്തിന്റേതാണ്''- ദിയാ കുമാരി പറഞ്ഞു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News