ബി.ജെ.പി വക്താവിന്‍റെ അറസ്റ്റിനെ ചൊല്ലി ഡല്‍ഹി-പഞ്ചാബ് പൊലീസ് തമ്മില്‍ പോര്
ബഗ്ഗയെ പഞ്ചാബിലെ കോടതിയിൽ ഹാജരാക്കി നിയമ നടപടി പൂർത്തിയാക്കാൻ പഞ്ചാബ് പൊലീസിനെ ആദ്യം സഹായിച്ച ഡൽഹി പൊലീസ് പിന്നീടാണ് മാറി ചിന്തിച്ചു തുടങ്ങിയത്
ഡല്‍ഹി: ബി.ജെ.പി വക്താവ് തജീന്ദർ ബഗ്ഗയുടെ അറസ്റ്റ് പൊലീസ് സേനകൾ തമ്മിലെ പോരാട്ടമായി മാറുന്നു. കേസ് ഇന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി പരിഗണിക്കും.
അഞ്ച് തവണ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതോടെയാണ് തജീന്ദർ ബഗ്ഗയെ തേടി പഞ്ചാബ് പൊലീസ് ഡൽഹിയിൽ എത്തിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നേരെ ഉയർത്തിയ ഭീഷണിയാണ് ബഗ്ഗയ്ക്ക് വിനയയായത്. ഡൽഹിയിലെ ജനക് പുരി പൊലീസ് സ്റ്റേഷനിലെത്തി, ഡൽഹി പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ബഗ്ഗയെ പഞ്ചാബിലെ കോടതിയിൽ ഹാജരാക്കി നിയമ നടപടി പൂർത്തിയാക്കാൻ പഞ്ചാബ് പൊലീസിനെ ആദ്യം സഹായിച്ച ഡൽഹി പൊലീസ് പിന്നീടാണ് മാറി ചിന്തിച്ചു തുടങ്ങിയത്.
ബി.ജെ.പി പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ സമരവുമായി എത്തുകയും ബഗ്ഗയുടെ പിതാവ് ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെ ഡൽഹി പൊലീസ്, പഞ്ചാബ് പൊലീസിന്റെ പിന്നാലെയായി. ഈ സമയത്തിനുള്ളിൽ ബഗ്ഗയുമായുള്ള പൊലീസ് വാഹനം ഡൽഹി അതിർത്തി കഴിഞ്ഞു ഹരിയാനയിൽ എത്തി. കുരുക്ഷേത്രയിൽ വച്ച് ഹരിയാന പൊലീസ് വാഹനം തടഞ്ഞു. അപ്പോഴും നിയമം പഞ്ചാബ് പൊലീസിന്‍റെ ഭാഗത്ത് തന്നെ ആയിരുന്നു. ബഗ്ഗയുടെ പിതാവിന്റെ ഹരജിയിൽ ഡൽഹി ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചതോടെ ഡൽഹി പൊലീസിന് ഇടപെടാൻ അവസരമായി. അപകടം മനസിലാക്കി ഉടൻ ഹരജിയുമായി പഞ്ചാബ് പൊലീസ്, പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി കനിഞ്ഞില്ല. വാദം കേൾക്കൽ ഇന്നത്തേക്ക് മാറ്റി.
തിരിച്ചടി കിട്ടിയ പഞ്ചാബ് പൊലീസ്, നടപടിക്രമങ്ങൾ പാലിച്ചാണ് അറസ്റ്റ് ചെയ്തെന്നു വാദിക്കും. സംസ്ഥാനങ്ങൾ കടന്നു അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ പാലിച്ചില്ലെന്ന് വാദമായിരിക്കും പഞ്ചാബ് പൊലീസിനെതിരായി ഉയരാൻ സാധ്യതയുള്ളത്.