സര്‍ക്കാര്‍ വില്‍പ്പനത്തിരക്കിലാണ്, എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും രാഹുല്‍ ഗാന്ധി
അടുത്ത സുഹൃത്തുക്കളായ രണ്ടോ മൂന്നോ പേര്‍ക്കു മാത്രമായി സര്‍ക്കാര്‍ പദ്ധതികള്‍ രൂപപ്പെടുത്തുന്നു.
കോവിഡ് പ്രതിരോധത്തിലെ വീഴ്ച്ചയിലും ദേശീയ ധനസമാഹരണ നയത്തിലും കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ വില്‍പ്പനത്തിരക്കിലാണെന്നും കോവിഡിനെതിരെ എല്ലാവരും സ്വയം സുരക്ഷിതരായിരിക്കണമെന്നുമാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.
Rising #COVID numbers are worrying. Vaccination must pick up pace to avoid serious outcomes in the next wave.
— Rahul Gandhi (@RahulGandhi) August 26, 2021
Please take care of yourselves because GOI is busy with sales.
കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കാജനകമാണ്. മൂന്നാം തരംഗം വരുത്തിവെക്കുന്ന നാശനഷ്ടം ഇല്ലാതാക്കാന്‍ വാക്‌സിനേഷന്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. കോവിഡില്‍ നിന്നും എല്ലാവരും സ്വയം സുരക്ഷിതരായിരിക്കാന്‍ ശ്രമിക്കണം, കാരണം സര്‍ക്കാര്‍ വില്‍പ്പന തിരക്കിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോവിഡ് മൂലം രക്ഷിതാക്കള്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പെട്രോള്‍ - ഡീസല്‍ വിലവര്‍ധനവിലൂടെ നാലു ലക്ഷം കോടി രൂപയുണ്ടാക്കിയ സര്‍ക്കാര്‍ കോവിഡ് കാരണം ജീവിതം വഴിമുട്ടിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സര്‍ക്കാരിന്റെ ധനസമാഹരണ നയത്തെയും സര്‍ക്കാര്‍ വിമര്‍ശിച്ചു. അടുത്തവരായ രണ്ടോ മൂന്നോ പേര്‍ക്കു മാത്രമായി സര്‍ക്കാര്‍ പദ്ധതികള്‍ രൂപപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
റെയില്‍വേ, വാതക പൈപ്പ് ലൈന്‍, വൈദ്യുതി ലൈനുകള്‍, ദേശീയപാതകള്‍ തുടങ്ങി നിര്‍ണായക മേഖലകള്‍ സര്‍ക്കാര്‍ പതിച്ചു കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. യുക്തിസഹമായ സ്വകാര്യവത്കരണമായിരുന്നു കോണ്‍ഗ്രസ് ചെയ്തിരുന്നത്. നല്ല രീതിയില്‍ പോയികൊണ്ടിരുന്ന പൊതുമേഖല സ്ഥാപനങ്ങളെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തൊട്ടില്ലെന്നും രാഹുല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.