ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചില്ലെങ്കിൽ ഫണ്ടില്ലെന്ന്​ കേന്ദ്രം; പ്രതിഷേധവുമായി തമിഴ്​നാട്​

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരായ ചെറുത്തുനിൽപ്പ്​ ഓർമിപ്പിച്ച്​ നേതാക്കൾ

Update: 2025-02-17 10:01 GMT
Advertising

​ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയവും (എൻഇപി) ത്രിഭാഷാ ഫോർമുലയും അംഗീകരിക്കുന്നതുവരെ സമഗ്ര ശിക്ഷാ അഭിയാന് കീഴിൽ തമിഴ്‌നാടിന് ഫണ്ട് നൽകില്ലെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ പ്രസ്താവനക്കെതിരെ തമിഴ്​നാട്​. കേന്ദ്ര മന്ത്രി ബ്ലാക്ക്​മെയിൽ ചെയ്യുകയാണെന്ന്​ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആരോപിച്ചു. സംസ്ഥാനം കേന്ദ്രത്തിൽനിന്ന് ഫണ്ട് തേടുകയാണ്, അത് ഞങ്ങളുടെ അവകാശമാണ്. സംസ്ഥാനം തങ്ങളുടെ സ്വകാര്യ സ്വത്താണ്​ ആവശ്യപ്പെടുന്നത്​. കേന്ദ്രമന്ത്രി അഹങ്കാരത്തോടെ സംസാരിക്കുകയാണെങ്കിൽ തമിഴ് ജനതയുടെ യഥാർഥ സ്വഭാവം ഡൽഹി കാണേണ്ടിവരും’ -സ്റ്റാലിൻ എക്സിൽ കുറിച്ചു.

തമിഴ്‌നാട്ടിലെ പ്രധാന പാർട്ടികളും രാഷ്ട്രീയ ഭിന്നത മറന്ന്​ കേന്ദ്ര മന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നു. ‘തമിഴ്നാട് ത്രിഭാഷാ സമ്പ്രദായം അംഗീകരിച്ചാൽ മാത്രമേ ഫണ്ട് അനുവദിക്കൂ എന്ന് കേന്ദ്രം പറയുന്നത് ശരിയല്ല. ഭരണാധികാരികളെ നോക്കരുത്, മറിച്ച് ജനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് കേന്ദ്രത്തോടുള്ള ഞങ്ങളുടെ അഭ്യർഥന. വിദ്യാഭ്യാസത്തിൽ തമിഴ്‌നാട് മുൻനിരയിലുള്ള സംസ്ഥാനമാണ്. നമ്മുടെ യുവാക്കൾ വിദ്യാഭ്യാസം നേടുന്നത് തുടരണം’ -എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും തമിഴ്‌നാട് പ്രതിപക്ഷ നേതാവുമായ എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു.

നാം തമിഴർ കച്ചിയും (എൻ‌ടി‌കെ) കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ചു. ‘ദേശീയ വിദ്യാഭ്യാസ നയം ഹിന്ദി നിർബന്ധമാക്കുന്നു. ഞങ്ങൾക്ക് വേണമെങ്കിൽ ഹിന്ദി പഠിക്കാം, പക്ഷേ കേന്ദ്രം അത് ഞങ്ങളുടെ മേൽ നിർബന്ധിക്കരുത്. നിരവധി ഭാഷകൾ ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യ ഒരു രാജ്യമാകൂ. തമിഴ്‌നാട് ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കുന്നില്ല എന്നതുകൊണ്ട് മാത്രം കേന്ദ്രം ഫണ്ട് നിരസിക്കുന്നത് അംഗീകരിക്കാനാവില്ല’ -എൻടികെ മേധാവി സീമാൻ പറഞ്ഞു.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം പക്ഷപാതപരമായി പെരുമാറുകയാണെന്ന്​ ടിഎൻസിസി പ്രസിഡന്‍റ്​ കെ. സെൽവപെരുന്തഗൈ ആരോപിച്ചു. രാജീവ് ഗാന്ധിയുടെ കാലത്ത് ആരംഭിച്ച നവോദയ സ്കൂളുകൾ ത്രിഭാഷാ നയം കാരണം തമിഴ്‌നാട് നിരസിച്ച കാര്യം അദ്ദേഹം ഓർമിപ്പിച്ചു. എന്നിട്ടും യാതൊരു പ്രതികാര നടപടിയും കൂടാതെ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ഫണ്ട് അനുവദിച്ചുവെന്നും അദ്ദേഹം വ്യക്​തമാക്കി.

ത്രിഭാഷാ നയം അടിച്ചേൽപ്പിക്കുന്നത് സംസ്ഥാനത്തിന്‍റെ സ്വയംഭരണാവകാശം കവർന്നെടുക്കുന്നതിന് തുല്യമാണെന്ന് നടനും ടിവികെ നേതാവുമായ വിജയ് പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ തമിഴ്‌നാടിന്‍റെ 80 വർഷത്തെ ചെറുത്തുനിൽപ്പ് ചരിത്രത്തെക്കുറിച്ച് പിഎംകെ നേതാവ് അമ്പുമണി രാമദാസ് കേന്ദ്രത്തെ ഓർമിപ്പിച്ചു. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങൾ ആഗ്രഹിക്കുന്നിടത്തോളം കാലം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി തുടരുമെന്നും ഹിന്ദി അടിച്ചേൽപ്പിക്കില്ലെന്നും 1963-ൽ കേന്ദ്രം നൽകിയ വാഗ്ദാനം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഭാഷാപഠന പദ്ധതിയിൽ മൂന്ന് ഭാഷകൾ ഉൾപ്പെടുത്തിക്കൊണ്ട് 1968ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപം കൊടുത്തതാണ്​ ത്രിഭാഷാ പദ്ധതി. പഠനപദ്ധതിയിൽ മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പുറമേ ഹിന്ദി സംസാരിക്കാത്തയിടങ്ങളിൽ ഹിന്ദിയും, ഹിന്ദി സംസാരിക്കുന്നയിടങ്ങളിൽ മറ്റൊരു പ്രാദേശിക ഭാഷകൂടി പഠിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ട്​. എന്നാൽ, തമിഴ്നാട് ത്രിഭാഷാ പദ്ധതി അംഗീകരിച്ചിട്ടില്ല. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News