തനിക്കെതിരെ വിവാദ പരാമർശം നടത്തിയ ഡി.എം.കെ നേതാവിനെതിരെ കേസുമായി തമിഴ്‌നാട് ഗവർണർ

ഡി.എം.കെ നേതാവ് ശിവാജി കൃഷ്ണമൂർത്തിക്ക് എതിരെയാണ് ഗവർണർ കേസ് ഫയൽ ചെയ്തത്.

Update: 2023-01-19 14:21 GMT
Advertising

ചെന്നൈ: തനിക്കെതിരെ വിവാദ പരാമർശം നടത്തിയ ഡി.എം.കെ നേതാവിനെതിരെ കേസുമായി തമിഴ്‌നാട് ഗവർണർ ആർ.എൻ രവി. സസ്‌പെൻഷനിലായ ഡി.എം.കെ നേതാവ് ശിവാജി കൃഷ്ണമൂർത്തിക്ക് എതിരെയാണ് ഗവർണർ കേസ് ഫയൽ ചെയ്തത്. ഗവർണർക്ക് അംബേദ്കറുടെ പേര് പറയാൻ കഴിയുന്നില്ലെങ്കിൽ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെടാൻ കശ്മീരിലേക്ക് പോകണമെന്നായിരുന്നു കൃഷ്ണമൂർത്തിയുടെ പരാമർശം.

നയപ്രഖ്യാപന പ്രസംഗത്തിൽ ബി.ആർ അംബേദ്കർ, പെരിയാർ ഉൾപ്പെടെയുള്ളവരെ പരാമർശിക്കുന്ന ഭാഗം ഗവർണർ ഒഴിവാക്കിയത് വലിയ വിമർശനത്തിന് കാരണമായിരുന്നു. ഇതിനെതിരെയായിരുന്നു കൃഷ്ണമൂർത്തിയുടെ പരാമർശം. ഇത് വിവാദമായതോടെ കൃഷ്ണമൂർത്തിയെ ഡി.എം.കെ സസ്‌പെൻഡ് ചെയ്തിരുന്നു.

കൃഷ്ണമൂർത്തിക്കെതിരെ ഗവർണർ ചെന്നൈ കോടതിയിൽ ഇന്നലെ കേസ് ഫയൽ ചെയ്തതായാണ് വിവരം. ഗവർണറും സർക്കാറും തമ്മിൽ ഏറെ നാളായി തമിഴ്‌നാട്ടിൽ തർക്കം നിലനിൽക്കുന്നുണ്ട്. കേന്ദ്ര സർക്കാറിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നാണ് ഡി.എം.കെ ആരോപിക്കുന്നത്.

നയപ്രഖ്യാപന പ്രസംഗത്തിനിടെ മതേതരത്വത്തെ കുറിച്ചും പെരിയാർ, അംബേദ്കർ, കാമരാജ്, അണ്ണാദുരൈ തുടങ്ങിയവരെ കുറിച്ചും പ്രതിപാദിക്കുന്ന ഭാഗം ഗവർണർ വിട്ടുകളഞ്ഞതാണ് പുതിയ ഏറ്റുമുട്ടലിന് വഴി തുറന്നത്. ഗവർണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചതിൽ പ്രകോപിതനായ ആർ.എൻ രവി സഭാ നടപടികൾ പൂർത്തിയാകുന്നതിന് മുമ്പ് ഇറങ്ങിപ്പോവുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News