സി.ബി.ഐക്കുള്ള പൊതുസമ്മതം പിൻവലിക്കുന്ന പത്താമത്തെ സംസ്ഥാനമായി തമിഴ്‌നാട്
പ്രത്യേക അനുമതിയില്ലാതെ കേസെടുത്ത് അന്വേഷിക്കാനും റെയ്‌ഡ് നടത്താനും സി.ബി.ഐയ്‌ക്കുള്ള പൊതുസമ്മതമാണ് തമിഴ്നാട് പിൻവലിച്ചത്
ചെന്നൈ: സി.ബി.ഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിൻവലിക്കുന്ന പത്താമത്തെ സംസ്ഥാനമായി തമിഴ്‌നാട്. മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്‌റ്റിന് പിന്നാലെയാണ് ഡി.എം.കെ സർക്കാരിന്‍റെ തീരുമാനം. തമിഴ്‌നാട് സർക്കാരിന്റെ സമ്മതമില്ലാതെ പുതിയ കേസെടുക്കാൻ സി.ബി.ഐയ്‌ക്ക് കഴിയില്ല.
പ്രത്യേക അനുമതിയില്ലാതെ കേസെടുത്ത് അന്വേഷിക്കാനും റെയ്‌ഡ് നടത്താനും സി.ബി.ഐയ്‌ക്കുള്ള പൊതുസമ്മതമാണ് തമിഴ്നാട് പിൻവലിച്ചത്. ചത്തീസ്‌ഗഡ്, ജാർഖണ്ഡ്, കേരളം, മേഘാലയ, മിസോറം, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവയാണ് നേരത്തെ ഈ സമ്മതം പിൻവലിച്ച സംസ്ഥാനങ്ങൾ. 1946ലെ ഡൽഹി പൊലീസ് എസ്‌റ്റാബ്ലിഷ്‌മെന്‍റ് നിയമ പ്രകാരം രൂപീകൃതമായ സി.ബി.ഐയ്‌ക്ക് കേന്ദ്രഭരണ പ്രദേശങ്ങൾക്ക് പുറത്ത് കേസെടുക്കാൻ അനുമതി നൽകി പുറപ്പെടുവിച്ച വിജ്ഞാപനമാണ് ഈ സംസ്ഥാനങ്ങൾ പിൻവലിച്ചത്.
ശാരദചിട്ടി കേസിനെ തുടർന്ന് ബി.ജെ.പിയുടെ രാഷ്ട്രീയതാൽപര്യങ്ങൾ സംരക്ഷിക്കാൻ സി.ബി.ഐയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്, 2018 നവംബറിൽ ബംഗാൾ സർക്കാർ പൊതുസമ്മതം പിൻവലിച്ചത്. സംസ്ഥാന ഭരണം അട്ടിമറിക്കാൻ കോഴ വാഗ്‌ദാനം ചെയ്‌തെന്ന ആരോപണത്തിൽ കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനെതിരെ എടുത്ത കേസിൽ ബി.ജെ.പി, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോഴാണ് രാജസ്ഥാനിൽ സമ്മതം പിൻവലിച്ചത്.
റിപബ്ലിക്ക് അടക്കമുള്ള ചാനലുകളുടെ ടി.ആർ.പി നിരക്ക് തട്ടിപ്പ് കേസ് അന്വേഷണം മുംബൈ പൊലീസിൽനിന്ന് സി.ബി.ഐ ഏറ്റെടുക്കാൻ ശ്രമിച്ചപ്പോഴാണ്, മഹാരാഷ്ട്ര സർക്കാർ നടപടി എടുത്തത്. എന്നാൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയതോടെ സി.ബി.ഐയ്ക്ക് അനുമതി തിരികെ നൽകി. ആന്ധ്രയിൽ പൊതുസമ്മതം ടി.ഡി.പി പിൻവലിച്ചെങ്കിലും വൈ.എസ്.ആർ കോൺഗ്രസ് സർക്കാർ പുനഃസ്ഥാപിച്ചു. മിസോറാമിൽ പിൻവലിച്ച സമ്മതം തിരികെ നൽകിയെങ്കിലും ഓരോ കേസെടുക്കാനും പ്രത്യേകം നിബന്ധനകളുണ്ട്.