തമിഴ്‌നാട്ടിൽ ഗവർണർ-സർക്കാർ പോര് മുറുകുന്നു; ഗവർണർ പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് വിദ്യാഭ്യാസ മന്ത്രി
ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികളെ ഗവർണറുടെ ഓഫീസ് ഒറ്റക്ക് തീരുമാനിച്ചതാണ് വിദ്യാഭ്യാസ മന്ത്രിയെ ചൊടിപ്പിച്ചത്. സാധാരണ വൈസ് ചാൻസലറുടെ ഓഫീസാണ് അതിഥികളെ നിശ്ചയിക്കാറുള്ളത്.
ചെന്നൈ: ഒരിടവേളക്ക് ശേഷം തമിഴ്‌നാട് ഗവർണറും സംസ്ഥാന സർക്കാറും തമ്മിലുള്ള പോര് ശക്തമാവുന്നു. ഗവർണർ ആർ.എൻ രവി പങ്കെടുത്ത മധുര കാമരാജ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസമന്ത്രി കെ. പൊൻമുടി പങ്കെടുത്തില്ല. ബിരുദദാന ചടങ്ങിൽ ഗവർണർ രാഷ്ട്രീയം തിരുകാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം.
ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികളെ ഗവർണറുടെ ഓഫീസ് ഒറ്റക്ക് തീരുമാനിച്ചതാണ് വിദ്യാഭ്യാസ മന്ത്രിയെ ചൊടിപ്പിച്ചത്. സാധാരണ വൈസ് ചാൻസലറുടെ ഓഫീസാണ് അതിഥികളെ നിശ്ചയിക്കാറുള്ളത്. പക്ഷേ ഉന്നതവിദ്യാഭ്യാസ മന്ത്രിയും പ്രോ വൈസ് ചാൻസലറുമായ തന്റെ ഓഫീസുമായി കൂടിയാലോചിക്കാതെ ഗവർണറുടെ ഓഫീസ് ഏകപക്ഷീയമാണ് അതിഥികളെ തീരുമാനിച്ചതെന്നാണ് മന്ത്രിയുടെ പരാതി.
ഗവർണർ ബിജെപിയുടെ ഏജന്റിനെപ്പോലെ പ്രവർത്തിക്കുന്നുവെന്നും സർവകലാശാലാ വിദ്യാർഥികളുടെ മനസ്സിലേക്ക് ബിജെപി രാഷ്ട്രീയ കുത്തിനിറക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ചടങ്ങിനെത്തിയ ഗവർണർക്കെതിരെ വിവിധ വിദ്യാർഥി സംഘടനകൾ കരിങ്കൊടി പ്രതിഷേധം നടത്തി.
സ്റ്റാലിൻ സർക്കാറും ഗവർണർ ആർ.എൻ രവിയും തമ്മിൽ നേരത്തെയും ഉരസലുണ്ടായിരുന്നു. സർക്കാർ പാസാക്കുന്ന പല ബില്ലുകളും ഒപ്പുവെക്കാതെ പിടിച്ചുവെക്കുന്ന ഗവർണർ സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സം നിൽക്കുകയാണെന്നാണ് ഡിഎംകെ ആരോപണം. സംസ്ഥാന സർക്കാറിനെ പ്രവർത്തിക്കാൻ അനുവദിച്ചില്ലെങ്കിൽ സ്വതന്ത്ര തമിഴ്‌നാട് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങേണ്ടിവരുമെന്ന് മുൻ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ എ. രാജ തുറന്നടിച്ചിരുന്നു.