പ്ലസ്ടു വിദ്യാർഥിനിയുടെ മരണം; കള്ളക്കുറിച്ചിയിൽ വൻ സംഘർഷം
പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി
ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ പൊലീസും നാട്ടുകാരും തമ്മില്‍ വന്‍ സംഘർഷം. പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയതിനെ തുടർന്നാണ് സംഘര്‍ഷമുണ്ടായത്. സ്‌കൂൾ ഗ്രൗണ്ടിലെ ബസുകൾ നാട്ടുകാർ കത്തിച്ചു. പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. 30 സ്‌കൂൾ ബസ് ഉൾപ്പടെ അൻപതോളം വാഹനങ്ങൾ അഗ്നിക്കിരയാക്കി. സ്‌കൂൾ കെട്ടിടങ്ങൾ തകർത്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസമാണ് രണ്ട് അധ്യാപകർ തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പ്ലസ് ടു വിദ്യാർഥിനി സ്വകാര്യ സ്‌കൂളിലെ ഹോസ്റ്റൽ കെട്ടിടടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇന്നലെ മരിച്ചു. പെൺകുട്ടിയുടെ മരണത്തിന് കാരണം അധ്യാപകരുടെ പീഡനമാണെന്ന് ആരോപിച്ചാണ് ബന്ധുക്കൾ സംഘർഷത്തിനിറങ്ങിയത്. കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല.