സി.ബി.ഐ അന്വേഷണത്തിന് നിയന്ത്രണവുമായി തമിഴ്നാട് സര്‍ക്കാര്‍
പ്രതിപക്ഷ നേതാക്കളെ നിശ്ശബ്ദരാക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിനിടെയാണ് നീക്കം
ചെന്നൈ: സി.ബി.ഐ അന്വേഷണത്തിനുള്ള പൊതുസമ്മതം തമിഴ്‌നാട് സർക്കാർ പിൻവലിച്ചു. പ്രതിപക്ഷ നേതാക്കളെ നിശ്ശബ്ദരാക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിനിടെയാണ് നീക്കം. സംസ്ഥാനത്ത് എന്തെങ്കിലും അന്വേഷണം നടത്തുന്നതിന് മുമ്പ് കേന്ദ്ര അന്വേഷണ ഏജൻസിക്ക് ഇനി തമിഴ്‌നാട് സർക്കാരിൽ നിന്ന് അനുമതി വാങ്ങേണ്ടി വരും. വൈദ്യുത മന്ത്രി സെന്തില്‍ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടപടി.
തമിഴ്നാട് സെക്രട്ടേറിയറ്റിൽ ഇ.ഡി നടത്തിയ റെയ്ഡിനെതിരെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്നലെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ബി.ജെ.പിയുടെ പിൻവാതിൽ ഭീഷണി വിലപ്പോകില്ല. ഫെഡറലിസത്തിന് എതിരെയുള്ള കടന്നുകയറ്റം ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമാണെന്നും എം.കെ സ്റ്റാലിന്‍ പ്രതികരിച്ചു.
വൈദ്യുതി മന്ത്രി വി സെന്തിൽ ബാലാജിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്റ്റാലിന്‍ രംഗത്തെത്തിയത്. രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടുന്നതിനു പകരം പിൻവാതിലിലൂടെ ഭീഷണിപ്പെടുത്തുന്ന ബി.ജെ.പിയുടെ രാഷ്ട്രീയം അധികകാലം വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു- "ബി.ജെ.പി രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികൾ വഴി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തുടനീളം ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്"- എം.കെ സ്റ്റാലിൻ പറഞ്ഞു.
ഏത് തരത്തിലുള്ള അന്വേഷണത്തോടും പൂർണമായി സഹകരിക്കുമെന്ന് സെന്തിൽ ബാലാജി പറഞ്ഞിരുന്നു. എന്നിട്ടും സെക്രട്ടേറിയറ്റ് വളപ്പിലെ മന്ത്രിയുടെ ഔദ്യോഗിക ചേംബറിൽ റെയ്ഡ് നടത്തേണ്ട ആവശ്യം എന്തായിരുന്നുവെന്ന് സ്റ്റാലിന്‍ ചോദിച്ചു. സെക്രട്ടേറിയറ്റിൽ റെയ്ഡ് നടത്താൻ തങ്ങൾ പ്രാപ്തരാണെന്ന് കാണിക്കാനാണോ? അതോ ഭീഷണിപ്പെടുത്താനാണോ? എന്നാണ് സ്റ്റാലിന്‍ ചോദിച്ചത്. റെയ്ഡിനു ശേഷം സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തു. നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിക്ക് ഹൃദയശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് സര്‍ക്കാര്‍ തുടരുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വിമര്‍ശിച്ചു. റെയ്ഡിലൂടെ പ്രതിപക്ഷത്തെ നിശബ്ദമാക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.