ബി.ജെ.പിയെയും അണ്ണാ ഡി.എം.കെയും നിലം തൊടിക്കാതെ തമിഴകം

മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ്റെ നേതൃത്വത്തിൽ രൂപപ്പെട്ട സഖ്യമാണ് ​തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയത്

Update: 2024-06-04 14:56 GMT
Advertising

ചെന്നൈ: ദക്ഷിണേന്ത്യയിൽ ബി.ജെ.പി കണ്ണുവെച്ച സംസ്ഥാനങ്ങളിലൊന്നായിരുന്നു തമിഴ്നാട്. സഖ്യമവസാനിപ്പിച്ച ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ച ബി.ജെ.പിക്കും അണ്ണാ ഡി.എം.കെക്കും ദയനീയ തോൽവിയാണ് ദ്രാവിഡ മണ്ണ് സമ്മാനിച്ചത്. 

മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ്റെ നേതൃത്വത്തിൽ രൂപപ്പെട്ട സഖ്യമാണ് ​തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയത്. കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, ദളിത് ഗ്രൂപ്പുകൾ,ന്യൂനപക്ഷ പാർട്ടികൾ എന്നിവ ഉൾപ്പെടുന്ന സഖ്യത്തിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. ഡി.എം.​​കെ 22 സീറ്റിലാണ് ജയിച്ചത്. കോ​ൺഗ്രസ് 9 സീറ്റിലും സി.പി.ഐ-2,സി.പി.എം-2, വി.സി.കെ 2, മുസ്‍ലിം ലീഗ് 1,എം.ഡി.എം.കെ എന്നിങ്ങനെയാണ് പാർട്ടികൾ നേടിയ സീറ്റുകളു​ടെ എണ്ണം.

ഉത്തരേന്ത്യയിൽ കൈവിട്ടുപോകുന്ന സീറ്റുകൾ തമിഴ്നാട്ടിൽ നിന്ന് നേടാമെന്നായിരുന്നു ​ബി.ജെ.പിയുടെ പ്രതീക്ഷ. അതുകൊണ്ട് രണ്ടര മാസത്തിനിടയിൽ അഞ്ചിലറെ തവണയാണ് മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെത്തിയത്. എന്നിട്ടും ബി​.ജെ.പിയു​ടെ സംസ്ഥാന നേതാവ് കെ.അണ്ണാമലൈയടക്കം തോറ്റെന്ന് മാത്രമല്ല​, ബി.ജെ.പി നിലം തൊട്ടതുമില്ല.മോദി തമിഴ്നാട്ടിൽ നിന്ന് മത്സരിച്ചേക്കുമെന്നതടക്കം ബി.ജെ.പി പ്രചാരണമഴിച്ചുവിട്ടിരുന്നു. തെരഞ്ഞെടുപ്പുകളിൽ വിവിധ കക്ഷികൾക്കൊപ്പം കൈകോർത്തും പിടിവിട്ടും ബി.ജെ.പി പലപരീക്ഷണങ്ങൾ നടത്തിയ മണ്ണിൽ ഇനിയും താമരവിരിക്കാനായിട്ടില്ല.

ബി​.ജെ.പിയുടെ ഹിന്ദി രാഷ്ട്രീയവും തമിഴും തമ്മിലുള്ള സംഘർഷം മാത്രമല്ല, മോദിയുടെയും അമിത്ഷായുടെയും വിദ്വേഷവും വർഗീയ പ്രചാരണങ്ങളും തമിഴ് ജനതയെ കാവിക്കൊടി പിടിക്കുന്നതിൽ നിന്ന് അകറ്റിനിർത്തുന്ന ഘടകമാണ്.മോദിയുടെ സന്ദർശനം പാർട്ടിക്ക് ഗുണമാകുമെന്ന് കണക്കുകൂട്ടിയിരുന്നു ബി.​ജെ.പി. വോട്ടിങ് ശതമാനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ കൂടുതലുണ്ടായിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരെയും ഗവർണറെയും വരെ ഇറക്കിയാണ് ബി.ജെ.പി പരീക്ഷണം നടത്തിയത്. ചെന്നൈ സൗത്തിൽ മത്സരിക്കാൻ തമിഴിസൈ സൗന്ദരരാജനെത്തിയത് തെലങ്കാന ഗവർണർ പദവി രാജിവെച്ചിട്ടാണ്.ഒന്നര ലക്ഷം വോട്ടുകൾക്കാണ് തോൽവിയറിഞ്ഞത്.കേന്ദ്രമന്ത്രി എൽ.മുരുകനാണ് കന്യാകുമാരിയിൽ മത്സരിച്ചത്,രണ്ടരലക്ഷത്തോളം വോട്ടാണ് അവിടെ ജയിച്ച സ്ഥാനാർഥിയുടെ ലീഡ്.

കന്യാകുമാരിയില്‍ മത്സരിച്ച മുൻ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണൻ ഒന്നേമുക്കാൽ ലക്ഷം വോട്ടിനാണ് പിന്നിലായത്. പ്രതീക്ഷയർപ്പിച്ച രാമനാഥപുരം,വിരുദുനഗർ,ശിവഗംഗ,തെങ്കാശി അടക്കമുള്ള മണ്ഡലങ്ങളിലും ബി.​ജെ.പി പിന്നിലാണ്. എ.ഐ.എ.ഡി.എം.കെ 32 സീറ്റിലാണ് മത്സരിച്ചത്.പാർട്ടിയുടെ ശക്തികേന്ദ്രമായി പൊതുവെ കണക്കാക്കപ്പെടുന്ന തമിഴ്‌നാട്ടിലെ പടിഞ്ഞാറൻ ജില്ലകളിൽ കോയമ്പത്തൂർ, സേലം,നാമക്കൽ, ധർമപുരി, കൃഷ്ണഗിരി, ഈറോഡ്, നീലഗിരി, തിരുപ്പൂർ,ധർമപുരി ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ ഡി.എം.കെ സഖ്യമാണ് ലീഡ് ചെയ്തത്.വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ നാമക്കലിൽ എ.ഐ.എ.ഡി.എം.കെയും വിരുദുനഗറിൽ സഖ്യകക്ഷിയായ ഡിഎംഡികെയും ആദ്യ റൗണ്ടുകളിൽ ലീഡ് ചെയ്തെങ്കിലും പിന്നീട് പിന്നിലാകുന്ന കാഴ്ചയാണ് കണ്ടത്. പാർട്ടിയുടെ ദയനീയ തോൽവി പാർട്ടി തലവൻ എടപ്പാടി കെ.പളനിസ്വാമിക്ക് തിരിച്ചടിയാകും. പളനിസ്വാമിക്കെതിരെയുള്ള പടയൊരുക്കം പാർട്ടിയിൽ ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ.ബി.ജെ.പിക്ക് ഒപ്പം നിന്നാലും നിലമെച്ചപ്പെടുത്താമായിരുന്നുവെന്ന് നേതാക്കളടക്കം മാധ്യമങ്ങളോട് പറഞ്ഞു തുടങ്ങി.

ജൂൺ ഒന്നിന് പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ഡിഎംകെയുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ ഇന്ത്യാ ബ്ലോക്കിന് മികച്ച വിജയമായിരുന്നു സൂചിപ്പിച്ചത്. എക്‌സിറ്റ് പോൾ പ്രകാരം ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം 39ൽ 36 സീറ്റും നേടുമെന്നായിരുന്നു പ്രവചനം.എ.ഐ.എ.ഡി.എം.കെ ഒരു സീറ്റ് നേടുമെന്നും ബി.ജെ.പി-എൻ.ഡി.എ സഖ്യം അക്കൗണ്ട് തുറക്കുമെന്ന​ുമായിരുന്നു ​പ്രവചനം.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News