വിഡിയോ: അടൽ സേതു പാലത്തിൽ കടലിലേക്ക് തൂങ്ങിയാടി സ്ത്രീ; അതിസാഹസികമായി രക്ഷിച്ച് ക്യാബ് ഡ്രൈവർ

പാലത്തിന്റെ കൈവരിയിൽ ഇരുന്ന് ദൈവത്തിന്റെ ചിത്രങ്ങൾ കടലിൽ നിമജ്ജനം ചെയ്യുകയായിരുന്നുവെന്നാണ് സ്ത്രീ പൊലീസിനു മൊഴിനൽകിയത്

Update: 2024-08-17 05:27 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: അടൽ സേതു പാലത്തിൽനിന്ന് കടലിലേക്കു തൂങ്ങിയാടിയ സ്ത്രീയെ അത്ഭുതകരമായി രക്ഷിച്ച് ടാക്‌സി ക്യാബ് ഡ്രൈവർ. മുംബൈ ട്രാൻസ്-ഹാർബർ ലിങ്കിലാണു സംഭവം. സ്ത്രീയുടെ മുടിയിൽ മുറുകെപിടിക്കുകയായിരുന്നു യുവാവ്. പിന്നാലെ പാലത്തിൽ പട്രോളിങ് നടത്തുകയായിരുന്ന ട്രാഫിക് പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു. ആത്മഹത്യാ ശ്രമമായിരുന്നുവെന്നു സൂചനയുണ്ട്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

56കാരിയായ മുംബൈയിലെ മുളുന്ദ് സ്വദേശി റീമ പട്ടേലിനെയാണ് ഇവർ വാടകയ്‌ക്കെടുത്ത ക്യാബിലെ ഡ്രൈവറായ സഞ്ജയ് ദ്വാരക യാദവ്(31) സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചത്. യാത്രയ്ക്കിടെ റീമ ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പാലത്തിന്റെ കൈവരിയിൽ കയറിയിരുന്നു. ദൈവത്തിന്റെ ചിത്രങ്ങൾ കടലിൽ നിമജ്ജനം ചെയ്യുകയാണെന്നാണ് ഇവർ ഡ്രൈവർ സഞ്ജയിനോട് പറഞ്ഞത്. എന്നാൽ, ആത്മഹത്യാശ്രമം സംശയിച്ച് ഡ്രൈവർ തൊട്ടരികെ തന്നെ നിലയുറപ്പിച്ചു.

ഇതിനിടെ സൈറൺ ഇട്ട് ട്രാഫിക് പൊലീസ് വാഹനം ഇതുവഴി വന്നതോടെ ഞെട്ടിയ റീമയുടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. എന്നാൽ, അപകടം മുൻകൂട്ടിക്കണ്ട സഞ്ജയ് ഇവരുടെ തലയിൽ മുറുകെപ്പിടിച്ചു. ഉടൻ സ്ഥലത്തെത്തിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പാലത്തിൽ കയറി ഇവരെ പിടിച്ചുകയറ്റുകയായിരുന്നു. പാലത്തിൽ ഒരു കാർ നിർത്തിയിട്ടിട്ടുണ്ടെന്ന ടോൾബൂത്ത് ഉദ്യോഗസ്ഥൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ സ്ഥലത്തെത്തിയതെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

നേരത്തെ മുളുന്ദിലെ ഐറോളി പാലത്തിൽ പോയി ദൈവത്തിന്റെ ചിത്രങ്ങൾ നിമജ്ജനം ചെയ്‌തെങ്കിലും കുറച്ചുകൂടി ആഴത്തിൽ ചെയ്യണമെന്ന് ആത്മീയ ഗുരു നിർദേശിച്ചെന്നാണ് റീമ പട്ടേൽ പറഞ്ഞതെന്ന് ജവഹർലാൽ നെഹ്‌റു തുറമുഖത്തിലെ ഞവ ഷെവ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ അൻജും ഭഗവാൻ പറഞ്ഞു. തുടർന്ന് അടൽ സേതുവിലേക്ക് ക്യാബ് പിടിച്ചെത്തിയത്. അടൽ സേതുവിന്റെ കൈവരിയിൽ ഇരുന്ന് ചിത്രങ്ങൾ ഓരോന്ന് കടലിലേക്ക് എറിയുന്നതിനിടെയായിരുന്നു ട്രാഫിക് പൊലീസ് വരുന്ന ശബ്ദം കേട്ടത്. ഇതിന്റെ പരിഭ്രാന്തിയിൽ കൈവരിയിൽനിന്നു പുറത്തേക്കു ചാടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി കടലിലേക്കു വീഴുകയായിരുന്നുവെന്നാണ് ഇവർ മൊഴിനൽകിയിട്ടുള്ളത്.

അതേസമയം, ആത്മഹത്യാശ്രമമാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കുട്ടികളില്ലാത്തതിനാൽ കുറച്ചുകാലമായി മാനസിക വിഷമത്തിലായിരുന്നു സ്ത്രീ എന്ന് ഇവരുടെ ഒരു ബന്ധു പൊലീസിനോട് പറഞ്ഞു. സംഭവസമയത്ത് പൂനെയിലായിരുന്ന ഭർത്താവിനെ പൊലീസ് വിവരമറിയിച്ചിട്ടുണ്ട്.

Summary: Taxi driver saves woman from jumping off Atal Setu bridge in Mumbai

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News