ആന്ധ്രയിലെ 'പകവീട്ടല്‍ പൊളി'ക്ക് നടപടി; ടി.ഡി.പി എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തു

ടി.ഡി.പി പ്രവര്‍ത്തകരുമായി എത്തിയാണ് തിരുവൂര്‍ എം.എല്‍.എ കെ. ശ്രീനിവാസ റാവു വൈ.എസ്.ആര്‍.സി.പി നേതാവിന്റെ കെട്ടിടം തകര്‍ത്തത്

Update: 2024-07-04 12:01 GMT
Editor : Shaheer | By : Web Desk
Advertising

അമരാവതി: ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ വൈ.എസ്.ആര്‍.സി.പി നേതാക്കള്‍ക്കെതിരെ നടക്കുന്ന പ്രതികാര നടപടിയില്‍ ഇടപെടല്‍. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് കെ. നാഗലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ച സംഭവത്തില്‍ ടി.ഡി.പി എം.എല്‍.എ കെ. ശ്രീനിവാസ റാവുവിനെതിരെ കേസെടുത്തു.

തിരുവൂര്‍ എം.എല്‍.എയാണ് ശ്രീനിവാസ റാവു. നാഗലക്ഷ്മിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമാണ് ടി.ഡി.പി പ്രവര്‍ത്തകരുമായെത്തി എം.എല്‍.എ പൊളിച്ചത്. കൈയേറ്റ ഭൂമിയില്‍ അനധികൃതമായാണു കെട്ടിടം നിര്‍മിക്കുന്നതെന്ന് ആരോപിച്ചായിരുന്നു ബുള്‍ഡോസര്‍ നടപടി.

ഭാരതീയ ന്യായ സംഹിത 329(1), 189, 324(1) വകുപ്പുകള്‍ പ്രകാരമാണ് എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തത്. പൊളിക്കല്‍ നടപടിയുടെ ഭാഗമായ ടി.ഡി.പി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് അധികൃതര്‍ പറയുന്നു.

അതിനിടെ, വിവാദ കെട്ടിടത്തിന്റെ നിയന്ത്രണം റവന്യൂ വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. അനധികൃത നിര്‍മാണമാണെന്ന ആരോപണത്തില്‍ ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നു നിര്‍ദേശിച്ച് പഞ്ചായത്ത് അധികൃതര്‍ നാഗലക്ഷ്മിക്ക് നോട്ടിസ് അയച്ചിട്ടുണ്ട്.

ടി.ഡി.പി സര്‍ക്കാര്‍ നിലവില്‍ വന്നതിനു പിന്നാലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഓഫിസുകള്‍ക്കുമെതിരെ വ്യാപകമായ പ്രതികാര നടപടിയാണ് ആന്ധ്രയില്‍ നടക്കുന്നത്. ഗുണ്ടൂര്‍ ജില്ലയില്‍ നിര്‍മാണം പുരോഗമിക്കുന്ന വൈ.എസ്.ആര്‍.സി.പി കേന്ദ്ര ഓഫിസ് ഭരണകൂടം ഇടിച്ചുനിരപ്പാക്കിയത് വലിയ വിവാദമായിരുന്നു. പ്രതികാര രാഷ്ട്രീയത്തിനു കീഴടങ്ങില്ലെന്നും ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് കെട്ടിടം തകര്‍ത്തതെന്നും മുന്‍ മുഖ്യമന്ത്രിയും വൈ.എസ്.ആര്‍ തലവനുമായ ജഗന്‍മോഹന്‍ റെഡ്ഡി പ്രതികരിച്ചത്. ചന്ദ്രബാബു നായിഡു ഏകാധിപതിയെ പോലെയാണു പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍, ജലസേചന വകുപ്പിന്റെ ഭൂമിയിലാണു കെട്ടിടം നിര്‍മിക്കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയെിന്ന് ടി.ഡി.പിയും പ്രതികരിച്ചു.

Summary: TDP MLA K Srinivasa Rao booked for alleged demolition of YSRCP leader’s property in AP

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News