'വിദ്യാർഥികളിൽ അവമതിപ്പുണ്ടാക്കുന്നു'; അധ്യാപകർ ജീൻസും ടീഷർട്ടുമിടരുതെന്ന് ഉത്തരവ്, ലംഘിച്ചാൽ കർശന നടപടി
ഉത്തരവ് വനിതാ അധ്യാപകർക്കും ബാധകമാണെന്നും അവർ സാരിയോ ചുരിദാറോ ധരിക്കണമെന്നും സർക്കുറലറിൽ വ്യക്തമാക്കിയിട്ടുണ്ട്
ലഖ്‌നൗ: ഉത്തർപ്രദേശിലെ മുസാഫർ നഗറിലെ സർക്കാർ സ്‌കൂളുകളിലെയും കോളേജുകളിലെയും അധ്യാപകർ ജീൻസും ടീഷർട്ടും ധരിക്കരുതെന്ന് ഉത്തരവ്. വിദ്യാർഥികളിൽ ഇത് അവമതിപ്പുണ്ടാകുമെന്ന കാരണമാണ് അധികൃതർ നൽകിയിരിക്കുന്നത്.
'ഞാൻ സ്‌കൂളുകളിൽ പരിശോധന നടത്തുകയായിരുന്നു. ചില അധ്യാപകർ ജീൻസും ടീ ഷർട്ടും ധരിച്ച് ക്ലാസ് മുറികളിൽ നിൽക്കുന്നത് കണ്ടു. ഈ സമീപനത്തിൽ നിന്ന് മാറിനിൽക്കാൻ ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകി.ജില്ലാ സ്‌കൂൾ ഇൻസ്‌പെക്ടർ ഗജേന്ദർ സിംഗ് പറഞ്ഞതായി 'ഡി.എൻ.എ' റിപ്പോർട്ട് ചെയ്തു.
'ഡ്രസ് കോഡുമായി ബന്ധപ്പെട്ട് ഞാൻ ഒരു സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.നിയമങ്ങൾ ലംഘിക്കുന്ന അധ്യാപകർ കർശന നടപടി നേരിടേണ്ടിവരുമെന്നും സർക്കുലറിൽ പറയുന്നു. 'ഇത് അച്ചടക്കത്തിന്റെ പ്രശ്നമാണ്. വിദ്യാർത്ഥികളും അധ്യാപകരും മാത്രമല്ല, പ്രിൻസിപ്പൽമാരും ഡ്രസ് കോഡ് പാലിക്കണം. അധ്യാപകർ മാന്യമായി വസ്ത്രം ധരിക്കുകയാണെങ്കിൽ, അത് വിദ്യാർഥികളിൽ നല്ല മതിപ്പ് ഉണ്ടാക്കും. തുടർന്ന് വിദ്യാർഥികളും അവരുടെ അധ്യാപകരെ പിന്തുടരുമെന്നും ഗജേന്ദർ സിംഗ് പറഞ്ഞു.
ഈ ഉത്തരവ് വനിതാ അധ്യാപകർക്കും ഇത് ബാധകമാണെന്നും അവർ സാരിയോ ചുരിദാറോ ധരിക്കണമെന്നും സർക്കുറലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവ് അനുസരിക്കാത്തവർ വകുപ്പുതല നടപടിയും റെക്കോർഡ് ബുക്കിൽ നെഗറ്റീവ് എൻട്രിയും നേരിടേണ്ടിവരും.