വ്യാജ എൻ.സി.സി ക്യാമ്പിന്റെ മറവിൽ 13 കാരിയെ ബലാത്സംഗം ചെയ്തു; യുവജന നേതാവും പ്രിൻസിപ്പലുമടക്കം എട്ട് പേർ അറസ്റ്റിൽ
തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ സ്കൂളിൽ നടന്ന സംഭവത്തിൽ നിരവധി കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായതായി പൊലീസ്
ചെന്നൈ: സ്വകാര്യസ്കൂളിൽ വ്യാജ എൻ.സി.സി ക്യാമ്പ് സംഘടിപ്പിച്ച് 13 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ രാഷ്ട്രീയ നേതാവും പ്രിൻസിപ്പലുമടക്കം എട്ട് പേർ അറസ്റ്റിൽ. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. രാഷ്ട്രീയ പാർട്ടിയായ നാം തമിഴർ പാർട്ടിയുടെ ജില്ലാ യൂത്ത് വിങ് സെക്രട്ടറി ശിവരാമനെ ബലാത്സംഗ കേസിലും പ്രിൻസിപ്പലുൾപ്പടെയുള്ളവരെ സംഭവം മറച്ചുവെക്കാൻ ശ്രമിച്ചതിനുമാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്: എൻ.സി.സി യൂണിറ്റിന് അനുമതി ലഭിക്കുന്നതിന് സ്കൂളിനെ സജ്ജമാക്കാനായി പരിശീലന പരിപാടി സംഘടിപ്പിക്കാമെന്ന് പറഞ്ഞ് ശിവരാമൻ സ്വകാര്യ സ്കൂളിനെ സമീപിച്ചതായി പൊലീസ് പറഞ്ഞു. എൻ.സി.സി പരിശീലനം നൽകാൻ ശിവരാമന് യോഗ്യതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ സ്കൂൾ അധികൃതർ പരിശോധിച്ചില്ല. ആഗസ്റ്റ് 5 മുതൽ 9 വരെ നടന്ന ക്യാമ്പിൽ 17 പെൺകുട്ടികൾ ഉൾപ്പെടെ 41 പേർ പങ്കെടുത്തു.
ക്യാമ്പിൽ ആൺകുട്ടികൾക്ക് താഴത്തെ നിലയിലും പെൺകുട്ടികൾക്ക് മുകളിലത്തെ നിലയിലുമാണ് സ്കൂളിൽ താമസമൊരുക്കിയത്. ക്യാമ്പിന്റെ ഭാഗമായി രാത്രിയിൽ നാല് മണിക്കൂർ ഷിഫ്റ്റിൽ സ്കൂൾ കോമ്പൗണ്ടിൽ കാവൽ നിൽക്കാൻ വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ചിരുന്നു. ഈ സമയത്താണ് ശിവരാമൻ 13 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരയായ പെൺകുട്ടി ലൈംഗികാതിക്രമത്തെ കുറിച്ച് സ്കൂൾ പ്രിൻസിപ്പൽ സതീഷ് കുമാറിനെ അറിയിച്ചു. എന്നാൽ നടപടിയെടുക്കുന്നതിന് പകരം, പ്രിൻസിപ്പലും രണ്ട് അധ്യാപകരുമുൾപ്പെടുന്ന നാലംഗ സംഘം ചേർന്ന് സംഭവം മറച്ചുവെച്ചു. പെൺകുട്ടി ഒടുവിൽ അമ്മയെ വിവരമറിയിക്കുകയും പിതാവ് വെള്ളിയാഴ്ച പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
മറ്റ് നാല് പെൺകുട്ടികൾ കൂടി ലൈംഗികാതിക്രമത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. ശിവരാമൻ, പരിശീലന ക്യാമ്പിന് നേതൃത്വം നൽകിയ മൂന്ന് പേർ, പ്രിൻസിപ്പൽ, 2 അധ്യാപകർ മൂന്ന് സ്കൂൾ ജീവനക്കാർ ഉൾപ്പടെയുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണഗിരിയിലെ മറ്റ് മൂന്ന് സ്കൂളുകളിലും ശിവരാമനും സംഘവും അനധികൃത പരിശീലന സെഷനുകൾ നടത്തിയതായി റിപ്പോർട്ടുണ്ട്.