ടീസ്റ്റ സെതൽവാദിനെയും ആർ.ബി ശ്രീകുമാറിനെയും ഇന്ന് ചോദ്യം ചെയ്യും
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിൽ ഇന്നലെയാണ് ഇരുവരെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്
ഡൽഹി: ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിനെയും ഗുജറാത്ത് മുൻ ഡി.ജി.പിയും മലയാളിയുമായ ആർ.ബി ശ്രീകുമാറിനെയും ഇന്ന് ചോദ്യം ചെയ്യും. അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് ആണ് ചോദ്യം ചെയ്യുക. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിൽ ഇന്നലെയാണ് ഇരുവരെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റയുടെ എൻജിഒ അടിസ്ഥാനരഹിതമായ വിവരങ്ങൾ പൊലീസിന് നൽകിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണത്തിന് പിന്നാലെയാണ് ടീസ്റ്റയെ കസ്റ്റഡിയിൽ എടുക്കുന്നത്. മുബൈയിൽ നിന്ന് ഇന്നലെ അർദ്ധരാത്രി ടീസ്റ്റയെ അഹമ്മദാബാദിൽ എത്തിച്ചു. ആർ.ബി ശ്രീകുമാറിനെ അഹമ്മദാബാദിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും കൂടാതെ ജയിൽ കഴിയുന്ന ഗുജറാത്ത് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിന്റെ പേരും എഫ്.ഐ.ആറിലുണ്ട്. വ്യാജ ആരോപണങ്ങൾ ഉന്നയിക്കൽ, ഗൂഢാലോചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗുജറാത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ കലാപത്തിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എം.പി ഇഹ്സാൻ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി ഉന്നയിച്ച ആരോപണങ്ങൾ വെള്ളിയാഴ്ച സുപ്രിംകോടതി തള്ളിയിരുന്നു. കേസിലെ സഹ ഹരജിക്കാരിയായ ടീസ്റ്റ സാകിയ ജഫ്രിയുടെ വികാരം മുതലെടുത്തെന്ന് കോടതി വിധിയിൽ പരാമർശമുണ്ടായിരുന്നു. തുടർന്നാണ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ആഭ്യന്തരമന്ത്രി അമിത ഷാ ടീസ്റ്റക്കെതിരെ പ്രതികരിച്ചത്.
മനുഷ്യാവകാശങ്ങൾക്ക് വേണ്ടി എക്കാലവും നിലകൊണ്ട വ്യക്തിയാണ് ടീസ്റ്റ സെതൽവാദെന്നും കള്ളകേസ് പിൻവലിച്ച് ടീസ്റ്റയെ വിട്ടയക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.