കശ്മീരിലെ തഹ്‌രീകെ ഹുർറിയ്യത്ത് നിരോധിച്ച് കേന്ദ്രം
അന്തരിച്ച സയ്യിദ് അലി ഷാ ഗീലാനി തഹ്‌രീകെ ഹുർറിയ്യത്തിന്റെ സ്ഥാപക നേതാവാണ്
ന്യൂഡൽഹി: ജമ്മു കശ്മീരിലെ തഹ്‌രീകെ ഹുർറിയ്യത്തിനു നിരോധനമേർപ്പെടുത്തി കേന്ദ്രം. ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രചാരണം നടത്തുന്നുവെന്നും ആരോപിച്ചാണു നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണു നിരോധന ഉത്തരവിറക്കിയത്.
അന്തരിച്ച സയ്യിദ് അലി ഷാ ഗീലാനി തഹ്‌രീകെ ഹുർറിയ്യത്തിന്റെ സ്ഥാപക നേതാവാണ്. യു.എ.പി.എ പ്രകാരമാണ് സംഘടന നിരോധിച്ചത്. ജമ്മു കശ്മീരിൽ വിഭാഗീയപ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടുന്ന തരത്തിൽ ഭീകരപ്രവർത്തനങ്ങൾ തുടരുന്ന സംഘടനയാണ് തഹ്‌രീക് എന്ന് ഉത്തരവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
കശ്മീരിനെ ഇന്ത്യയിൽനിന്നു വിഭജിക്കാൻ ലക്ഷ്യമിട്ടു നടക്കുന്ന പ്രവർത്തനങ്ങളിൽ സംഘടനയ്ക്കു പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അവിടെ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനാണ് അവരുടെ ശ്രമം. നരേന്ദ്ര മോദിക്കു കീഴിൽ ഭീകരവാദം വച്ചുപൊറുപ്പിക്കില്ലെന്നും ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ നടപടിയുണ്ടാകുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.
മസാറത്ത് ആലം ഭട്ടാണ് ഇപ്പോഴത്തെ നേതാവ്. തിഹാർ ജയിലിൽ കഴിയുന്ന ഭട്ടിന്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ മുസ്‌ലിം ലീഗിനെ ഡിസംബർ 27ന് കേന്ദ്രം നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഹുർറിയ്യത്തിനെതിരെ കൂടി നടപടി വരുന്നത്.
Summary: Govt declares Tehreek-e-Hurriyat, once headed by the late Syed Ali Shah Geelani, 'unlawful’ under UAPA