ഭൂമി തട്ടിപ്പ് കേസ്; തേജസ്വി യാദവിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ റെയ്ഡ്
ലാലു പ്രസാദ് യാദവും കുടുംബാംഗങ്ങളും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 15 ലധികം സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിവരികയാണ്
ഡല്‍ഹി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ബിഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിനെയും റാബ്‌റി ദേവിയെയും സി.ബി.ഐ ചോദ്യം ചെയ്തതിനു പിന്നാലെ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ തേജസ്വി യാദവിന്‍റെ വീട്ടില്‍ റെയ്ഡ്. തേജസ്വിയുടെ ഡല്‍ഹിയിലെ വസതിയിലാണ് ഇ.ഡി റെയ്ഡ്. ലാലു പ്രസാദ് യാദവും കുടുംബാംഗങ്ങളും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 15 ലധികം സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിവരികയാണ്.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം മകൾ മിസാ ഭാരതിയുടെ പണ്ടാര റോഡിലെ വീട്ടിൽ വച്ച് മുൻ കേന്ദ്ര റെയിൽവേ മന്ത്രി ലാലു യാദവിനെ മാർച്ച് 7 ന് സി.ബി.ഐ അഞ്ച് മണിക്കൂറോളം ഡൽഹിയിൽ ചോദ്യം ചെയ്തിരുന്നു.ഒരു ദിവസം മുമ്പ് അന്വേഷണ ഏജൻസി റാബ്‌റി ദേവിയെ പട്‌നയിലെ വസതിയിലും ചോദ്യം ചെയ്തിരുന്നു. ലാലു പ്രസാദ് റെയില്‍വെ മന്ത്രിയായിരിക്കെ റെയില്‍വെയിലെ നിയമനങ്ങള്‍ക്ക് കൈക്കൂലിയായി ഉദ്യോഗാര്‍ഥികളില്‍ ഭൂമി തുച്ഛമായ വിലയ്ക്ക് എഴുതി വാങ്ങിയെന്നാണ് കേസ്.
കഴിഞ്ഞ വർഷം ജൂലൈയിൽ യാദവിന്റെ സഹായിയും മുൻ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ഭോല യാദവിനെ കേസിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം 16 പേർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. മാർച്ച് 15 ന് ഹാജരാകാന്‍ എല്ലാവർക്കും കോടതി സമൻസ് അയച്ചിട്ടുണ്ട്.