പ്രതീക്ഷയുടെ വിളക്ക് കെട്ടു; ബിഹാറിൽ ഫലം കാണാതെ തേജസ്വിയുടെ പോരാട്ടം

സംസ്ഥാനത്തെ സ്ത്രീ വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു ഇത്തവണ ബിഹാറിൽ ബിജെപിയുടെ പ്രചാരണം.

Update: 2024-06-04 08:39 GMT
Advertising

പട്‌ന: 'ഒരു ഭാഗത്ത് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരുമടങ്ങുന്ന വൻ സന്നാഹം. ‌മറുഭാഗത്ത് അവർക്കെതിരെ പോരാടാൻ 34കാരനായ തേജസ്വി യാദവ്'- ബിഹാറിൽ എൻഡിഎയ്ക്കെതിരെ മഹാസഖ്യത്തിന്റെ മുന്നണിപ്പോരാളിയായ ആർജെഡി നേതാവ് തേജസ്വി യാദവ് ഇത്തവണത്തെ പോരാട്ടത്തെ കുറിച്ച് പറഞ്ഞതാണിത്. കൂടെനിന്ന ജെഡിയുവിന്റെ ചാഞ്ചാട്ടം സൃഷ്ടിച്ച തിരിച്ചടിയിലും തെല്ലും ഇളകാതെ പ്രതിപക്ഷനിരയെ ഒറ്റയ്ക്ക് നയിച്ച നേതാവായിരുന്നു തേജസ്വി. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി നൽകി ഇൻ‍ഡ്യാ സഖ്യം ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയും അതിനുള്ള തേജസ്വിയുടെ പോരാട്ടം ഫലംകണ്ടില്ല. സംസ്ഥാനത്തെ ഭൂരിഭാ​ഗം സീറ്റുകളും എൻഡിഎ വിജയത്തിലേക്ക്.

ഓരോ തെരഞ്ഞെടുപ്പുകൾ കഴിയുന്തോറും മികവുറ്റൊരു ദേശീയ നേതാവായി തേജസ്വി വളരുമ്പോൾ മറുഭാഗത്ത് കാലുമാറ്റത്തിന് പേരുകേട്ട മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അസ്തമയവും പലരും പ്രവചിച്ചു. ഇൻഡ്യാ മുന്നണിയുടെ മുഖമായി സംസ്ഥാനമാകെ തിളങ്ങിനിന്നത് തേജസ്വി മാത്രമായിരുന്നു. ഇത്തവണ 200ലേറെ റാലികളിലാണ് തേജസ്വി പങ്കെടുത്തത്. മറുവശത്ത് നിതീഷ് പങ്കെടുത്തത് അമ്പതോളം റാലികളിൽ മാത്രമാണ്. പലയിടത്തും പ്രസംഗങ്ങൾ മിനിറ്റുകൾ മാത്രം.

കടുത്ത നടുവേദന വകവയ്ക്കാതെ വേദികളിൽ നിന്ന് വേദികളിലേക്ക് അദ്ദേഹം പാഞ്ഞു. യുവാക്കൾക്ക് തൊഴിൽ നൽകുമെന്നതായിരുന്നു തേജസ്വിയുടെ മുഖ്യ മുദ്രാവാക്യം. താൻ ഉപമുഖ്യമന്ത്രിയായിരുന്ന 17 മാസവും നിതീഷ് എൻ.ഡി.എ.യുടെ മുഖ്യമന്ത്രിയായിരുന്ന 17 വർഷവും താരതമ്യം ചെയ്യാനായിരുന്നു തേജസ്വി അഭ്യർഥിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുമുതൽ മഹാസഖ്യത്തിന്റെ തീരുമാനങ്ങളെല്ലാം തേജസ്വിയുടെ കൈയിൽ ഭദ്രമായിരുന്നു. സീറ്റ് വിഭജനം തെല്ലു വൈകിയെങ്കിലും തേജസ്വിയുടെ തീരുമാനത്തോട് തലയാട്ടുകയാണ് കോൺഗ്രസും ഇടതുപാർട്ടികളും ചെയ്തത്.

എൻ.ഡി.എ സ്ഥാനാർഥികൾക്കായി വോട്ടുപിടിക്കാൻ ബിജെപി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അടക്കം രം​ഗത്തിറക്കി. ബിഹാറിൽ 13 റാലികളാണ് മോദി നടത്തിയത്. കൂടാതെ, ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റു കേന്ദ്ര മന്ത്രിമാർ, യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാർ എന്നിവരും എത്തി. അതേസമയം, മഹാസഖ്യത്തിനു വേണ്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു തവണയും ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രണ്ടു തവണയുമാണ് ബിഹാറിലെത്തിയത്. ആരോഗ്യപ്രശ്നങ്ങളാൽ പിതാവ് ലാലു പ്രസാദ് യാദവും വിട്ടുനിൽക്കുന്നതോടെ മഹാസഖ്യത്തിന്റെ നേതൃത്വം തേജസ്വിയുടെ ചുമലിലായി. എന്നാൽ ഫലം പുറത്തുവന്നപ്പോൾ തേജസ്വിയുടെ ഒറ്റയാൾ പോരാട്ടം നേട്ടമുണ്ടാക്കിയില്ല എന്നത് ഇൻഡ്യ സഖ്യത്തെ സംബന്ധിച്ചിടത്തോളം വേദനയാണ്.

ഇത്തവണ 56.19 ശതമാനമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയ പോളിങ് ശതമാനം. പുരുഷ വോട്ടുകൾ കുറഞ്ഞതും ചെയ്ത സ്ത്രീവോട്ടുകൾ ഭൂരിഭാ​ഗവും ബിജെപിക്ക് പോവുകയും ചെയ്തതാണ് ഇൻഡ്യ സഖ്യത്തിനേറ്റ തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തൽ. സ്ത്രീ വോട്ടർമാരെ ആകർഷിക്കാൻ ആർജെഡിയടങ്ങുന്ന ഇൻഡ്യ സഖ്യത്തിനായില്ല എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സ്ത്രീകൾക്കായി ബിജെപി മുന്നോട്ടുവച്ച വാ​ഗ്ദാനങ്ങൾ ബിഹാറിൽ ഫലം കണ്ടു എന്നാണ് ഫലം തെളിയിക്കുന്നത്. സംസ്ഥാനത്തെ സ്ത്രീ വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു ഇത്തവണ ബിഹാറിൽ ബിജെപിയുടെ പ്രചാരണം.

എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്നതാണ് ഇത്തവണത്തെ ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം. ബിഹാർ എൻ.ഡി.എ സഖ്യം തൂത്തുവാരുമെന്നായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ. എൻഡിഎ സഖ്യം 32- 33 സീറ്റുകളും ഇൻഡ്യ സഖ്യം 5-6 സീറ്റുകളും നേടുമെന്നായിരുന്നു പൊതുവായ എക്‌സിറ്റ് പോൾ ഫലങ്ങൾ.

ബിഹാറിൽ 40 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ഇത്രയും മണ്ഡലങ്ങളിലായി 497 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. സംസ്ഥാനത്തെ 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടന്നത്. എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളിയ ആർജെഡി ദേശീയവക്താവ് മനോജ് കുമാർ ഝാ, സംസ്ഥാനത്ത് ഇൻഡ്യ സഖ്യം 25 സീറ്റുകൾ സ്വന്തമാക്കുമെന്ന് അവകാശപ്പെട്ടിരുന്നു. എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിയുടെ സൈക്കോളജിക്കൽ ട്രിക്ക് ആണെന്നും അദ്ദഹം ആരോപിച്ചിരുന്നു.

സംസ്ഥാനത്ത് 17 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു 16 സീറ്റുകളിലും ചിരാഗ് പാസ്വാൻ നയിക്കുന്ന എൽജെപി അഞ്ച് സീറ്റുകളിലുമാണ് ജനവിധി തേടിയത്. ഇൻഡ്യ സഖ്യത്തിൽ 26 സീറ്റുകളിൽ ആർജെഡിയും ഒമ്പത് സീറ്റുകളിൽ കോൺഗ്രസും അഞ്ചിടത്ത് ഇടതുപക്ഷ പാർട്ടികളുമാണ് മത്സരിച്ചത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News