രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് പൊതുസ്ഥാനാർഥി?; നിർണായ നീക്കവുമായി തെലങ്കാന മുഖ്യമന്ത്രിയുടെ പര്യടനം

കോൺഗ്രസ് നേതാക്കളുമായി റാവു ചർച്ച നടത്തില്ലെന്നാണ് ടിആർഎസ് നേതാക്കൾ പറയുന്നത്. മറ്റു പ്രതിപക്ഷ പാർട്ടികൾ പൊതുവായി ഒരു സ്ഥാനാർഥിയെ നിർത്തിയാൽ കോൺഗ്രസും അവരെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.

Update: 2022-05-22 14:46 GMT
Advertising

ഹൈദരാബാദ്: ഈ വർഷം ജൂലൈയിൽ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് പൊതുസ്ഥാനാർഥി വന്നേക്കുമെന്ന് സൂചന. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങൾ നടക്കുന്നത്. വിഷയത്തിൽ പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിനായി ദേശീയ നേതാക്കളുമായി തിരക്കിട്ട ചർച്ചയിലാണ് റാവു.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായി അരവിന്ദ് കെജ്‌രിവാൾ എന്നിവരുമായി റാവു ഇതിനകം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. രാഷ്ട്രപതി സ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ച നടന്നതായാണ് വിവരം.

അതേസമയം കോൺഗ്രസ് നേതാക്കളുമായി റാവു ചർച്ച നടത്തില്ലെന്നാണ് ടിആർഎസ് നേതാക്കൾ പറയുന്നത്. മറ്റു പ്രതിപക്ഷ പാർട്ടികൾ പൊതുവായി ഒരു സ്ഥാനാർഥിയെ നിർത്തിയാൽ കോൺഗ്രസും അവരെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.

മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, ജനതാദൾ സെക്കുലർ നേതാവ് എച്ച്.ഡി കുമാരസ്വാമി എന്നിവരുമായി ഈ മാസം 26ന് റാവു കൂടിക്കാഴ്ച നടത്തും. ഈ മാസം അവസാനം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായും റാവു കൂടിക്കാഴ്ച നടത്തും.

ബിഹാറിൽ ആർജെഡി നേതാവ് തേജസ്വി യാദവുമായും മുഖ്യമന്ത്രിയും എൻഡിഎ സഖ്യകക്ഷിയായ ജെഡിയു നേതാവുമായ നിതീഷ് കുമാറുമായും ചന്ദ്രശേഖര റാവു ചർച്ച നടത്തുമെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ഒഡീഷ്യ മുഖ്യമന്ത്രി നവീൻ പട്‌നായികുമായും റാവു കൂടിക്കാഴ്ച നടത്തും. അദ്ദേഹം എന്ത് നിലപാടെടുക്കുമെന്നതാണ് ഏറ്റവും നിർണായകം. നേരത്തെ ഭൂവനേശ്വറിലെത്തിയ റാവു അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. ആന്ധ്ര മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ ജഗ്മോഹിൻ റെഡ്ഢിയുമായി അദ്ദേഹം ചർച്ച നടത്തുമോ എന്ന കാര്യം വ്യക്തമല്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News