'അക്ബറുദ്ദീന്‍ ഉവൈസിയെ ഉപമുഖ്യമന്ത്രിയാക്കും'; തെലങ്കാന നിയമസഭയില്‍ രേവന്ത് റെഡ്ഡിയുടെ ഓഫര്‍
രേവന്ത് റെഡ്ഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനുമേലുള്ള ചര്‍ച്ചകള്‍ക്കിടെ ചൂടേറിയ സംവാദത്തിനും ചിരി പടര്‍ത്തിയ നിമിഷങ്ങള്‍ക്കുമാണ് തെലങ്കാന നിയമസഭ സാക്ഷിയായത്
ഹൈദരബാദ്: കഴിഞ്ഞ വെള്ളിയാഴ്ചയാണ് തെലങ്കാനയില്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ഇന്നലെ ബജറ്റിനു മേലുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും നിയമസഭ സാക്ഷിയായി. ഇതിനിടയില്‍ രേവന്തും എ.ഐ.എം.ഐ.എം നിയമസഭാ കക്ഷി നേതാവ് അക്ബറുദ്ദീന്‍ ഉവൈസിയും തമ്മില്‍ നടന്ന വാക്‌പോരാണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലേക്ക് മെട്രോ റെയില്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയായിരുന്നു ഇരു നേതാക്കളും തമ്മില്‍ ചൂടേറിയ സംവാദവും ചിരി പടര്‍ത്തിയ നിമിഷങ്ങളുമുണ്ടായത്. നാലു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രിയുടെ വാഗ്ദാനം. ''എന്റെ സുഹൃത്ത് അദ്ദേഹത്തിന്റെ പഴയ സുഹൃത്തിന്(തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു) പത്തു വര്‍ഷമാണു നല്‍കിയത്. എനിക്ക് സുഹൃത്ത് നാലു വര്‍ഷം തന്നാല്‍ മതി. എം.ജി.ബി.എസ് മുതല്‍ ഫലക്‌നുമ വരെയും അവിടെനിന്ന് ചന്ദ്രയാന്‍ഗുട്ട വരെയും മെട്രോ സര്‍വീസ് നീട്ടല്‍ എന്റെ ഉത്തരവാദിത്തമാണ്.''-അക്ബറുദ്ദീന്‍ ഉവൈസിയെ അഭിസംബോധന ചെയ്ത് രേവന്ത് പറഞ്ഞു.
പദ്ധതിക്കു ശേഷം ചന്ദ്രയാന്‍ഗുട്ടയില്‍ വോട്ട് ചോദിച്ചു താന്‍ എത്തുമെന്നും കോണ്‍ഗ്രസ് നേതാവ് തുടര്‍ന്നു. പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം അവിടെ ഉറപ്പാക്കുകയും ചെയ്യും. അതിന് ഉവൈസിയുടെ പിന്തുണയും ചോദിക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
ഇതുകേട്ട ചില സാമാജികര്‍, ചന്ദ്രയാന്‍ഗുട്ട അക്ബറുദ്ദീന്‍ ഉവൈസിയുടെ മണ്ഡലമാണെന്നു ചൂണ്ടിക്കാണിച്ചു. ചന്ദ്രയാന്‍ഗുട്ടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചാല്‍ അദ്ദേഹത്തിന് എന്തു സംഭവിക്കുമെന്നു ചോദിച്ചു എം.എല്‍.എമാര്‍. ഇതോടെയായിരുന്നു മുഖ്യമന്ത്രിയുടെ ചിരിപടര്‍ത്തിയ പരാമര്‍ശം. എന്റെ സുഹൃത്തിന് ഒന്നും സംഭവിക്കില്ലെന്നായി രേവന്ത്. കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാന്‍ തയാറാണെങ്കില്‍ തന്റെ കൊടംഗല്‍ മണ്ഡലം ഉവൈസിക്കു വേണ്ടി താന്‍ വിട്ടുകൊടുക്കുമെന്നു ചിരികള്‍ക്കിടെ അദ്ദേഹം പ്രഖ്യാപിച്ചു.
താന്‍ നേരിട്ട് ഉവൈസിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അദ്ദേഹത്തിനു ഗംഭീരവിജയം ഉറപ്പാക്കുകയും ചെയ്യും. അതുമാത്രവുമല്ല, ഉപമുഖ്യമന്ത്രിയാക്കി തന്റെ തൊട്ടടുത്ത് ഇരുത്തുകയും ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു രേവന്ത് റെഡ്ഡി.
ഇത് സഭയില്‍ വന്‍ ചിരിപടര്‍ത്തി. ചിരിയടങ്ങുംമുന്‍പ് തന്നെ അക്ബറുദ്ദീന്‍ ഉവൈസി മറുപടി പറയാനായി എണീറ്റു. തന്റെ രാഷ്ട്രീയയാത്ര തുടങ്ങിയതും വളര്‍ന്നതുമെല്ലാം എ.ഐ.എം.ഐ.എമ്മിലാണെന്നും അതില്‍ തന്നെയായിരിക്കും അന്ത്യമെന്നും വ്യക്തമാക്കി ഉവൈസി. നരേന്ദ്ര മോദിയെ വല്യേട്ടനായി കാണുന്ന രേവന്ത് റെഡ്ഡിയെ പ്രധാനമന്ത്രി തിരിച്ചു മറ്റൊരു ബന്ധത്തിലെ സഹോദരനെപ്പോലെയാണു കാണുന്നതെന്നും അദ്ദേഹം തുടര്‍ന്നു. ഹൈദരാബാദ് മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിനു കേന്ദ്രം സഹായം നല്‍കുമെന്നു സംശയമാണെന്നും അക്ബറുദ്ദീന്‍ ഉവൈസി പറഞ്ഞു.
എന്നാല്‍, മോദിയെ ആദിലാബാദില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ അങ്ങനെ വിളിച്ചത്, എല്ലാ സംസ്ഥാനങ്ങളുടെയും താല്‍പര്യങ്ങള്‍ പരിഗണിച്ചു മുതിര്‍ന്ന സഹോദരനെപ്പോലെ പെരുമാറണമെന്നു സൂചിപ്പിക്കാന്‍ വേണ്ടിയാണെന്നു വിശദീകരിച്ചു രേവന്ത് റെഡ്ഡി. അതു രാഷ്ട്രീയതാല്‍പര്യത്തില്‍ പറഞ്ഞതായിരുന്നില്ല. സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി പറഞ്ഞതാണ്. ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും, മോദി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. എല്ലാ സംസ്ഥാനങ്ങളോടും മുതിര്‍ന്ന സഹോദരനെപ്പോലെയാണ് അദ്ദേഹം പെരുമാറേണ്ടതെന്നും രേവന്ത് കൂട്ടിച്ചേര്‍ത്തു.
ഇതോടെ, കൂടുതല്‍ രാഷ്ട്രീയ വിഷയങ്ങള്‍ എടുത്തിട്ടു അക്ബറുദ്ദീന്‍ ഉവൈസി. എനിക്കെതിരെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ സംസ്ഥാന സര്‍ക്കാര്‍ വ്യാജ കേസുകളെടുത്തപ്പോള്‍ അമിത് ഷായ്ക്കും കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിക്കും എതിരായ കേസുകള്‍ തള്ളുകയാണുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈദരാബാദിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനില്‍ അമിത് ഷായ്‌ക്കെതിരെ പരാതി നല്‍കിയതെന്നായിരുന്നു ഇതിനോട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ മറുപടി.
Summary: In a lighter vein, Telangana CM Revanth Reddy offers Kodangal seat and deputy CM post to Akbaruddin Owaisi