സ്ത്രീധനമായി നല്‍കിയത് പഴയ ഫര്‍ണിച്ചറുകള്‍; വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി

വരൻ എത്താത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതോടെ വധുവിന്‍റെ പിതാവ് പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തു

Update: 2023-02-21 02:57 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ഹൈദരാബാദ്: വധുവിന്‍റെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയ പഴയ ഫര്‍ണിച്ചറുകളാണെന്ന് ആരോപിച്ച് വരന്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറി. ഹൈദരാബാദിലാണ് സംഭവം. ഞായറാഴ്ചയായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. വരൻ എത്താത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതോടെ വധുവിന്‍റെ പിതാവ് പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തു.


കാരണം അന്വേഷിച്ച് വരന്‍റെ വീട്ടിൽ പോയ തന്നോട് അവിടെയുള്ളവര്‍ മോശമായി പെരുമാറിയെന്നാണ് വധുവിന്‍റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്."തങ്ങൾ ആവശ്യപ്പെട്ട സാധനങ്ങൾ നൽകിയിട്ടില്ലെന്നും ഫർണിച്ചറുകളും പഴയതാണെന്നും അവർ പറഞ്ഞു. അവര്‍ കല്യാണത്തിനെത്താന്‍ വിസമ്മതിച്ചു. വിവാഹത്തിന് എല്ലാം ബന്ധുക്കളെയും അതിഥികളെയും ക്ഷണിച്ച് ഒരു വലിയ വിരുന്ന് തന്നെ ഒരുക്കിയിരുന്നു. എന്നാല്‍ വരന്‍ വിവാഹത്തിനെത്തിയില്ല'' പിതാവ് കൂട്ടിച്ചേര്‍ത്തു.



സ്ത്രീധനമായി മറ്റ് സാധനങ്ങൾക്കൊപ്പം ഫർണിച്ചറുകളും വരന്‍റെ വീട്ടുകാർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഉപയോഗിച്ച ഫർണിച്ചറുകൾ വധുവിന്റെ വീട്ടുകാർ നൽകിയതിനാൽ വരന്‍റെ വീട്ടുകാർ അത് നിരസിക്കുകയും വിവാഹദിവസം ഹാജരാകാതിരിക്കുകയും ചെയ്തുവെന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പറഞ്ഞു.ഐപിസിയിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News