തെലങ്കാന ഫോൺ ചോർത്തൽ കേസ്: ബി.ആർ.എസ് നേതാക്ക​ളെയൊഴിവാക്കി കു​റ്റപത്രം

കെ. ചന്ദ്രശേഖര റാവുവിന്റെ രാഷ്ട്രീയ എതിരാളികളെ നിരീക്ഷിക്കാൻ നവംബറിലെ തെരഞ്ഞെടുപ്പിന് മുമ്പ് രൂപീകരിച്ച സംഘമാണ് ​ചോർത്തൽ നടത്തിയതെന്നാണ് ആരോപണം.

Update: 2024-06-12 06:27 GMT
Advertising

ഹൈദരാബാദ്: തെലങ്കാനയിൽ രാഷ്ട്രിയ കൊടുങ്കാറ്റിന് തിരികൊളുത്തിയ വിവാദ ഫോൺ ചോർത്തൽ കേസിൽ ഹൈദരാബാദ് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിപ്പട്ടികയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾപ്പെട്ടെങ്കിലും അന്ന് അധികാരത്തിലിരുന്ന ബി.​ആർ.എസ് നേതാക്കളിലാരുടെയും പേരുകളില്ല.

1,200-ലധികം ഫോണുകൾ ചോർത്തിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഡി.പ്രണീത് റാവു, അഡീഷണൽ സൂപ്രണ്ടുമാരായ ഭുജംഗ റാവു, തിരുപത്തണ്ണ, മുൻ ഡെപ്യൂട്ടി​ പൊലീസ് കമ്മീഷണർ രാധാ കിഷൻ റാവു, ഒളിവിലുള്ള മുൻ സ്പെഷ്യൽ ഇൻ്റലിജൻസ് ബ്യൂറോ ചീഫ് പ്രഭാകർ റാവു, ശ്രാവൺ കുമാർ എന്നിവരും ഒരു പ്രാദേശിക മാധ്യമ സ്ഥാപനത്തെയുമാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം എ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഫോൺ ചോർത്തൽ കേസ് പുറത്തറിയുന്നത്. പ്രതിപക്ഷ നേതാക്കളും സെലിബ്രിറ്റികളും ഉൾപ്പെടെ നിരവധി ഉന്നതരുടെ ഫോണുകൾ മുൻ ഭരണകാലത്ത് ചോർത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

കെ. ചന്ദ്രശേഖര റാവുവിന്റെ രാഷ്ട്രീയ എതിരാളികളെ നിരീക്ഷിക്കാൻ നവംബറിലെ തെരഞ്ഞെടുപ്പിന് മുമ്പ് രൂപീകരിച്ച സംഘമാണ് ​ചോർത്തൽ നടത്തിയതെന്നാണ് ആരോപണം. നിലവിലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയടക്കമുള്ളവരുടെ മൊബൈലുകളും ചോർത്തി.

ബിആർഎസ് നേതൃത്വത്തിൻ്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News