അമ്പലത്തിൽ കയറി ആഭരണങ്ങൾ മോഷ്ടിച്ച കള്ളൻ ജനലഴികൾക്കിടയിൽ കുടുങ്ങി
തെലങ്കാനയിലെ ശ്രീകാകുളത്താണ് സംഭവം. ഇസുറു പാപാറാവു എന്നയാളാണ് മോഷണത്തിനിടെ കുരുക്കിലായത്.
Update: 2022-04-05 13:50 GMT
ശ്രീകാകുളം:അമ്പലത്തിൽ കയറി ആഭരണങ്ങൾ മോഷ്ടിച്ച കള്ളൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജനലഴികൾക്കിടയിൽ കുടുങ്ങി. തെലങ്കാനയിലെ ശ്രീകാകുളത്താണ് സംഭവം. ഇസുറു പാപാറാവു എന്നയാളാണ് മോഷണത്തിനിടെ കുരുക്കിലായത്.
ജനലഴികൾ വളച്ച് അകത്തുകയറിയ ഇയാൾ വിഗ്രഹത്തിൽനിന്ന് ആഭരണങ്ങൾ കവർന്ന ശേഷം തിരിച്ചിറിങ്ങുകയായിരുന്നു. ഇതിനിടെ ജനലഴികൾക്കിടയിൽ കുടുങ്ങിയ ഇയാൾക്ക് മുന്നോട്ടും പിന്നോട്ടും അനങ്ങാൻ പറ്റാത്ത അവസ്ഥയിലായി.
അതുവഴിയെത്തിയ പ്രദേശവാസികളാണ് ഇയാൾ ജനലഴികൾക്കുള്ളിൽ കുടുങ്ങിയത് കണ്ടത്. അപകടത്തിൽപ്പെട്ടതാണെന്ന് കരുതി രക്ഷിക്കാനെത്തിയപ്പോഴാണ് പാപാ റാവുവിന്റെ കയ്യിലുള്ള സ്വർണാഭരണങ്ങൾ അവരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ രക്ഷപ്പെടുത്തിയ ശേഷം ഇയാളെ പൊലീസിന് കൈമാറി.