പനി, തലവേദന, തൊണ്ടവേദന ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തണമെന്ന് കേന്ദ്രം

ഇന്ത്യയില്‍ ഇതുവരെ 1200 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

Update: 2022-01-01 09:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

രാജ്യത്ത് കോവിഡിനൊപ്പം ഒമിക്രോണ്‍ കേസുകളും വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. പനി,തൊണ്ടവേദന, തലവേദന, ശ്വാസംമുട്ടല്‍, ശരീരവേദന, ക്ഷീണം, വയറിളക്കം, മണവും രുചിയും നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ള എല്ലാവരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നാണ് കേന്ദ്രത്തിന്‍റെ നിര്‍ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

ആർ.ടി.പി.സി.ആർ പരിശോധനകൾ ഫലം വരാൻ വൈകുന്നതിനാൽ ആന്‍റിജന്‍ ടെസ്റ്റുകളും സെൽഫ് ടെസ്റ്റിങ് കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധനകളും പ്രോത്സാഹിപ്പിക്കണമെന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറയുന്നു. കോവിഡ് രോഗികളെ നേരത്തെ കണ്ടെത്തി അവരെയും അവർക്ക് സമ്പർക്കമുള്ളവരെയും കൃത്യമായി ക്വാറന്‍റൈന്‍ ചെയ്യുന്നത് മാത്രമാണ് കോവിഡ് വ്യാപനം തടയുന്നതിനുള്ള ഫലപ്രദമായ മാർഗം. മുൻകാല അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ കോവിഡ് കേസുകളുടെ എണ്ണം ഒരു പരിധിയെക്കാളും ഉയരുമ്പോൾ ആർ.ടി.പി.സി.ആർ വഴി രോഗനിർണയം നടത്തുന്നത് വലിയ കാലതാമസം സൃഷ്ടിക്കുന്നു. അതിനാൽ വേഗത്തിലുള്ള പരിശോധനകളെ പ്രോത്സാഹിപ്പിക്കണം. കൂടുതൽ ടെസ്റ്റിങ് ബൂത്തുകൾ സജ്ജമാക്കണം. രോഗ ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തിയ ശേഷം ഫലം വരുന്നത് വരെ കൃത്യമായി ക്വാറന്‍റൈന്‍ ചെയ്യണം.

ഇന്ത്യയില്‍ ഇതുവരെ 1200 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് കൂടുതല്‍. അതേസമയം കോവിഡ് കേസുകളും വര്‍ധിക്കുകയാണ്. 16,764 പോസിറ്റീവ് കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കുറെ ആഴ്ചകള്‍ക്കുള്ളിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ജനങ്ങള്‍ പരിഭ്രാന്തരാകണ്ടെന്നും രോഗവ്യാപനം തടയാന്‍ രാജ്യം സജ്ജമാണെന്നും കേന്ദ്രം വ്യാഴാഴ്ച അറിയിച്ചിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News