കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കറുത്ത കുതിരയാകുമോ തരൂർ?

ഹൈക്കമാൻഡ് നോമിനിയായി ദിഗ്‌വിജയ് സിങ് ഉണ്ടെങ്കിലും തരൂരിന്റെ സാധ്യതകൾ പൂർണമായി തള്ളിക്കളയാനാവില്ല. പാർട്ടിയിൽ നേരത്തെ തന്നെ തിരുത്തൽ വാദം ഉയർത്തിയിട്ടുള്ള തരൂരിന് പാർട്ടിക്കകത്തെ പരിഷ്‌കരണവാദികളുടെ പിന്തുണയുണ്ട്.

Update: 2022-09-29 13:26 GMT
Advertising

ന്യൂഡൽഹി: കോൺഗ്രസിൽ ജി 23 സംഘത്തിന്റെ ഭാഗമായി തിരുത്തൽവാദമുയർത്തിയ ശശി തരൂർ പാർട്ടി അധ്യക്ഷനാവുമോ? അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നോമിനിയുടെ പേരുകൾ മാറി മറിയുമ്പോഴും ഒരു ഭാഗത്ത് ശശി തരൂർ തന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചിട്ട് ദിവസങ്ങളായി. ജി 23 സംഘത്തിന്റെ നോമിനിയാണെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും അവരും പരസ്യമായി പിന്തുണ അറിയിച്ചിട്ടില്ല. മാത്രമല്ല ജി 23 സംഘത്തിലെ മനീഷ് തിവാരിയും സ്ഥാനാർഥിയാവുമെന്ന് സൂചനയുണ്ട്.



9000 പ്രതിനിധികൾക്കാണ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്. ഇവരുടെ പൂർണവിവരങ്ങൾ പുറത്തുവിടാൻ സെൻട്രൽ ഇലക്ഷൻ അതോറിറ്റി തയ്യാറാവത്തതിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്. തെരഞ്ഞെടുപ്പ് അതോറിറ്റി പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ പ്രതിനിധികളുടെ പേരുകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അവരുടെ അഡ്രസോ, ഫോട്ടോയോ ലഭ്യമില്ല. ഇത് തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ബാധിക്കുമെന്ന് വിമർശനമുണ്ട്. അഡ്രസോ ഫോൺ നമ്പറോ ലഭിക്കാതെ എങ്ങനെയാണ് സ്ഥാനാർഥികൾ വോട്ടർമാരെ ബന്ധപ്പെടുകയെന്നും ഇത്തരത്തിൽ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത് വെറും പ്രഹസനമാണെന്നും ഗുജറാത്തിൽനിന്നുള്ള ഒരു മുതിർന്ന നേതാവിനെ ഉദ്ധരിച്ച് 'ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്‌' റിപ്പോർട്ട് ചെയ്തു.

ഗാന്ധി കുടുംബത്തിന്റെ ആശീർവാദത്തോടെ എതിർസ്ഥാനാർഥി വരുമെന്ന് ഉറപ്പായിട്ടും തികഞ്ഞ ആത്മവിശ്വാസത്തിലാണ് തരൂർ. ''ഞാൻ ഒറ്റക്ക് ലക്ഷ്യത്തിലേക്ക് നടന്നു തുടങ്ങി, ആളുകൾ അതിനൊപ്പം ചേർന്നു. ഒരാൾക്കൂട്ടമായി മാറി''- കഴിഞ്ഞ ദിവസം തരൂർ സോഷ്യൽ മീഡിയയിൽ കുറിച്ച ഉറുദു കവി മജ്‌റൂഹ് സുൽത്താൻപുരിയുടെ വാക്കുകളാണിത്. പാർട്ടിയിൽനിന്ന് തനിക്ക് വലിയ പിന്തുണ ലഭിക്കുമെന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസം വ്യക്തമാക്കുന്നതായിരുന്നു ഈ വരികൾ. രണ്ടുദിവസം മുമ്പ് ഭാരത് ജോഡോ യാത്രക്കിടെ പാലക്കാട്ടെത്തി അദ്ദേഹം രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. നേരത്തെ സോണിയാ ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥികളില്ലെന്നും ആർക്കും മത്സരിക്കാമെന്നാണ് സോണിയയും രാഹുലും തന്നോട് പറഞ്ഞതെന്നുമാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. 



സ്വന്തം സംസ്ഥാനമായ കേരളത്തിൽനിന്ന് പിന്തുണയില്ലാത്തതാണ് തരൂരിനെ വലിയ തിരിച്ചടിയാവുന്നത്. രാഹുൽ ഗാന്ധി തന്നെ പ്രസിഡന്റാവണമെന്നാണ് രമേശ് ചെന്നിത്തല, വി.ഡി സതീശൻ, കെ. മുരളീധരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടത്. രാഹുൽ ഇല്ലെങ്കിൽ ഹൈക്കമാൻഡ് മുന്നോട്ടുവെക്കുന്ന സ്ഥാനാർഥിക്കാണ് പിന്തുണയെന്ന നിലപാടിലാണ് കേരള നേതാക്കൾ. അതേസമയം മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തരൂരിനെ പരസ്യമായി വിമർശിച്ച് രംഗത്തെത്തി. രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണ് തരൂർ എന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ പേരാണ് ആദ്യം ഹൈക്കമാൻഡ് പരിഗണിച്ചിരുന്നതെങ്കിലും രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അദ്ദേഹം പിൻമാറുകയായിരുന്നു. ഇന്ന് ഡൽഹിയിലെത്തിയ ഗെഹ്‌ലോട്ട് രാജസ്ഥാനിലുണ്ടായ സംഭവവികാസങ്ങളിൽ സോണിയാ ഗാന്ധിയോട് മാപ്പ് പറഞ്ഞു. ഗെഹ്‌ലോട്ട് പിൻമാറിയതോടെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായ ദിഗ്‌വിജയ് സിങ് സ്ഥാനാർഥിയാവുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. രാജ്യസഭാ എം.പിയായ ദിഗ്‌വിജയ് സിങ് മുതിർന്ന കോൺഗ്രസ് നേതാവാണ്. രണ്ടു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായിട്ടുള്ള സിങ് അഞ്ച് തവണ നിയമസഭയിലേക്കും രണ്ടു തവണ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം തവണയാണ് രാജ്യസഭയിലെത്തുന്നത്.



ഹൈക്കമാൻഡ് നോമിനിയായി ദിഗ്‌വിജയ് സിങ് ഉണ്ടെങ്കിലും തരൂരിന്റെ സാധ്യതകൾ പൂർണമായി തള്ളിക്കളയാനാവില്ല. പാർട്ടിയിൽ നേരത്തെ തന്നെ തിരുത്തൽ വാദം ഉയർത്തിയിട്ടുള്ള തരൂരിന് പാർട്ടിക്കകത്തെ പരിഷ്‌കരണവാദികളുടെ പിന്തുണയുണ്ട്. മനീഷ് തിവാരി മത്സരിക്കുമെന്ന് സൂചനയുണ്ടെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജി 23 സംഘം എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഗാന്ധി കുടുംബവും തരൂരിന്റെ സ്ഥാനാർഥിത്വത്തെ തള്ളിപ്പറയുകയോ എതിർക്കുകയോ ചെയ്യാത്തതും അദ്ദേഹത്തിന് ഗുണകരമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാർട്ടിക്കുള്ളിൽ സമൂലപരിഷ്‌കാരം വേണമെന്ന നിലപാടുള്ള നിരവധി നേതാക്കൾ കോൺഗ്രസിനുള്ളിലുണ്ട്. അതുകൊണ്ട് തന്നെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തരൂർ കറുത്ത കുതിരയാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News