മധുര പ്രതികാരം; പിതാവിനെ തോൽപ്പിച്ച സ്ഥാനാർഥിക്കെതിരെ വിജയിച്ച് 25കാരൻ
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാർലമെൻ്റ് അംഗമാണ് പുഷ്പേന്ദ്ര സരോജ്
ഉത്തർപ്രദേശ്: പിതാവിനെ തോൽപ്പിച്ച സ്ഥാനാർഥിക്കെതിരെ വിജയം നേടി 25കാരനായ പുഷ്പേന്ദ്ര സരോജ്. ബിജെപിയുടെ വിനോദ് കുമാർ സോങ്കറിനെയാണ് സരോജ് ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി മധുരപ്രതികാരം നേടിയെടുത്തത്. ഉത്തർപ്രദേശിലെ കൗശാമ്പി ലോക്‌സഭാ സീറ്റിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയായാണ് സരോജ് മത്സരിച്ചത്. 25 വയസ് മാത്രം പ്രായമുള്ള പുഷ്പേന്ദ്ര സരോജ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാർലമെൻ്റ് അംഗമാണ്.
2019 ൽ സമാജ്‌വാദി പാർട്ടി അഞ്ച് തവണ എംഎൽഎയും യുപിയിലെ മുൻ മന്ത്രിയുമായ ഇന്ദ്രജീത് സരോജിനെ ഉത്തർപ്രദേശിലെ കൗശാമ്പി ലോക്‌സഭാ സീറ്റിൽ നിന്ന് മത്സരിപ്പിച്ചു. ബിജെപിയുടെ വിനോദ് കുമാർ സോങ്കറിനോട് അന്ന് ഇന്ദ്രജീത് പരാജയപ്പെട്ടു. അഞ്ച് വർഷത്തിന് ശേഷം അതേ സീറ്റിൽ നിന്നാണ് ഇന്ദ്രജീത്തിന്റെ മകൻ ജയം നേടിയെടുത്തത്. 2019ൽ ഇന്ദ്രജീത് സരോജ് 38,000 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
'എൻ്റെ അച്ഛൻ 2019ൽ ഈ സീറ്റിൽ മത്സരിക്കുകയും ബിജെപിയുടെ വിനോദ് കുമാർ സോങ്കറിനോട് പരാജയപ്പെടുകയും ചെയ്തു. ഇത്തവണ സ്ഥാനാർഥിയായി എന്നെ നിയമിച്ചു. കഴിഞ്ഞ തവണ ഞാൻ നിങ്ങളുടെ പിതാവിനെ പരാജയപ്പെടുത്തി ഇത്തവണ ഞാൻ നിന്നെ പരാജയപ്പെടുത്തുമെന്നാണ് ആ സമയം ബിജെപി സ്ഥാനാർഥി എന്നോട് പറഞ്ഞത്.'- എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സരോജ് പറഞ്ഞു.
'2024ൽ എനിക്ക് 25 വയസ്സ് ആകുമെന്നറിയായിരുന്നു. ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചു. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ കണ്ട് സംസാരിച്ചു. പിതാവിന് പകരം ഞാൻ സീറ്റിൽ മത്സരിക്കണമെന്ന് അദ്ദേഹം നിർദേശിക്കുകയും ചെയ്തു.'- അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി 80ൽ 37 സീറ്റുകൾ നേടി. പാർട്ടിയുടെ സഖ്യകക്ഷിയായ കോൺഗ്രസിന് എട്ട് സീറ്റുകളും ലഭിച്ചു. ബിജെപി 32 സീറ്റുകൾ നേടി സംസ്ഥാനത്തെ രണ്ടാമത്തെ വലിയ കക്ഷിയായി ഉയർന്നു. സമാജ്‌വാദി പാർട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടനമാണിത്.