ജുമുഅ നമസ്കാര സമയം ഒഴിവാക്കിയ നടപടി; ബി.ജെ.പിയുടേത് മുസ്‍ലിം വിരുദ്ധ സർക്കാരെന്ന് പ്രതിപക്ഷ നേതാക്കൾ

പുതിയ നടപടി നിയമസഭയുടെ കൂട്ടായ തീരുമാനമെന്ന് അസം മുഖ്യമന്ത്രി

Update: 2024-08-31 09:09 GMT
Advertising

​ഗുവാഹത്തി: വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരത്തിനായി നിയമസഭയിൽ അനുവദിച്ചിരുന്ന ഇടവേള അവസാനിപ്പിച്ച അസം സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രം​ഗത്ത്. ജുമുഅ നമസ്കാരത്തിനായി മുസ്‍ലിം എം.എൽ.എമാർക്ക് അനുവദിച്ചിരുന്ന പ്രത്യേക ഇടവേള എടുത്തുകളഞ്ഞ അസമിലെ ബി.ജെ.പി സർക്കാറിന്റെ നടപടിക്കെതിരേയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്.

ജുമുഅ നമസ്കാരത്തിനുള്ള ഇടവേള എടുത്ത് കളഞ്ഞത് ഭരണഘടനാ വിരുദ്ധമാണെന്ന് എഐഎംഐഎം നേതാവ് വാരിസ് പത്താൻ കുറ്റപ്പെടുത്തി. 1937 മുതൽ മുസ്‍ലിം എം.എൽ.എമാർക്ക് നമസ്കാര സമയം അനുവദിച്ചിട്ടുണ്ടെന്നും ഇത് നിർത്തലാക്കിയ ബി.ജെ.പി സർക്കാറിന്റെ നടപടി മതം ആചരിക്കാനുള്ള അവകാശത്തിൻ്റെ ലംഘനമാണെന്നും പത്താൻ കുറ്റപ്പെടുത്തി.

ബി.ജെ.പിയുടേത് മുസ്‍ലിം വിരുദ്ധ സർക്കാരാണ്. അവർ ഞങ്ങളുടെ വസ്ത്രവും ഭക്ഷണവും മദ്രസകളും വെറുക്കുന്നു. ഇപ്പോൾ, നമസ്‌കാരത്തെയും വെറുക്കാൻ തുടങ്ങിയിരിക്കുന്നു. ഒരോ ദിവസവും ഒരു ലക്ഷ്യബോധവുമില്ലാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയെയാണ് കാണാൻ കഴിയുന്നത്. സമൂഹ മാധ്യമമായ എക്സിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പത്താൻ പറഞ്ഞു.

ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവുമായ തേജസ്വി യാദവ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അസം മുഖ്യമന്ത്രി വിലകുറഞ്ഞ ജനപ്രീതിക്ക് വേണ്ടിയാണ് ഇത്തരം വിലകുറഞ്ഞ കാര്യങ്ങൾ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുസ്‍ലിം സമുദായത്തിൽപ്പെട്ടവരെ ബി.ജെ.പി. ടാർ​ഗറ്റ് ചെയ്യുകയാണ്. മുസ്‍ലിംകളെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബുദ്ധിമുട്ടിക്കാനും സമൂഹത്തിൽ വിദ്വേഷം പടർത്താനും അവർ ശ്രമിക്കുന്നു. തേജസ്വി യാദവ് പറഞ്ഞു.

ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ മുസ്‍ലിം സമുദായത്തെ ലക്ഷ്യം വയ്ക്കുകയാണെന്ന് എഐയുഡിഎഫ് എംഎൽഎ മസിബുർ റഹ്മാൻ പറഞ്ഞു. 90 വർഷത്തോളമായി ഈ ആചാരം നിലവിലുണ്ടെന്നും ശർമ്മ അധികാരത്തിൽ വരുന്നതുവരെ മുൻ സർക്കാരുകൾക്ക് ഇതിൽ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അസം സർക്കാർ പാസാക്കിയ മുസ്‍ലിം വിവാഹ, വിവാഹമോചന ബിൽ 2024 എന്നിവയൊക്കെ മുസ്‍ലിംകളെ തുടച്ചുനീക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് എം.എൽ.എമാരായ ജാക്കീർ ഹുസൈൻ സിക്ദാറും വാജെദ് അലി ചൗധരിയും അസം സർക്കാറിന്റെ നടപടിയിൽ എതിർപ്പ് പ്രകടിപ്പിച്ചു. നമസ്കാര സമയം അവസാനിപ്പിക്കുന്ന തീരുമാനം ദേശവിരുദ്ധമാണെന്ന് സി.പി.ഐ.എം നേതാവ് ഹന്നൻ മൊല്ല പറഞ്ഞു.

ശർമ്മയുടെ തീരുമാനം ദേശവിരുദ്ധമാണെന്ന് സി.പി.ഐ.എം നേതാവ് ഹന്നൻ മൊല്ല പറഞ്ഞു, "ഇത് ഹീനമായ തീരുമാനമാണ്, ഹിമന്ത ഏറ്റവും ക്രൂരനായ ന്യൂനപക്ഷ വിദ്വേഷിയാണ്. അദ്ദേഹം നിരന്തരമായി ന്യൂനപക്ഷത്തിനെതിരെ വിഷം തുപ്പുന്നു. ഇത് രാജ്യത്തിന് അപകടകരമാണ്. ന്യൂനപക്ഷ സമുദായത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പുതിയ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇത് എൻ്റെ മാത്രം തീരുമാനമല്ലെന്നും നിയമസഭയുടെ കൂട്ടായ തീരുമാനമാണെന്നുമാണ് വിഷയത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നൽകിയ വിശദീകരണം. എന്നാൽ സമൂഹത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാൻ ലക്ഷ്യമിട്ടുള്ള കൊളോണിയൽ സമ്പ്രദായം ഇല്ലാതാക്കുകയാണ് ഇത്തരം നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സ്പീക്കർ ബിശ്വജിത് ഡൈമറിയുടെ വിശദീകരണം. രണ്ട് മണിക്കൂർ ഇടവേള അവസാനിപ്പിക്കുന്നതു വഴി ആ സമയം കാര്യക്ഷമമായ മറ്റു പദ്ധതികൾക്ക് വിനിയോ​ഗിക്കാമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

നിയമസഭാ സമ്മേളനത്തിൻ്റെ അവസാന ദിവസമായ ഇന്നലെയാണ് അവസാനമായി എം.എൽ.എമാർക്ക് നമസ്കാരത്തിനായി ഇടവേള നൽകിയത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News