ഡ്രൈവർ ഉറങ്ങിപ്പോയി; വിമാനത്താവളത്തിലെ ഗ്രൗണ്ട് വാഹനം ഇൻഡിഗോ വിമാനത്തിനടിയിലെത്തി
ഡൽഹി ഇൻറനാഷണൽ ഇന്ദിരാഗാന്ധി എയർപോർട്ടിന്റെ രണ്ടാം ടെർമിനലിലാണ് സംഭവം
ന്യൂഡൽഹി: ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് കാർ വിമാനത്തിനടിയിൽ ചക്രത്തിന് തൊട്ടടുത്തായി നിർത്തി. ഡൽഹി ഇൻറനാഷണൽ ഇന്ദിരാഗാന്ധി എയർപോർട്ടിന്റെ രണ്ടാം ടെർമിനലിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ ഗോ ഫസ്റ്റിന്റെ ഗ്രൗണ്ട് വെഹിക്കിൾ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് കാർ ഇൻഡിഗോ വിമാനത്തിന് ഇടിച്ചെന്ന മട്ടിൽ നിർത്തുകയായിരുന്നു. പട്‌നയിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് തലനാരിഴക്ക് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. സംഭവത്തിൽ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വിമാനത്തിന് കേടുപാടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകരമായ ഡ്രൈവിങ്ങിന് ഇടയാക്കിയതെന്ന് എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ ഗോ ഫസ്റ്റ് തയാറായിട്ടില്ല.
'വി.ടി. ഐ.ടി.ജെ എന്ന പേരിൽ രജിസ്റ്റർ ചെയ്ത ഇൻഡിഗോ എയർക്രാഫ്റ്റ് എ320നിയോ ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടാം ടെർമിനലിൽ 201ാം സ്റ്റാൻഡിൽ നിർത്തിയിട്ടിയിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ 6ഇ -2022 സർവീസ് നടത്താനുമിരിക്കുകയായിരുന്നു. അപ്പോൾ ഗോ ഫസ്റ്റിന്റെ ഗ്രൗണ്ട് വാഹനമായ മാരുതി സ്വിഫ്റ്റ് ഡിസയ്ർ വിമാനത്തിന്റെ നോസ് ഭാഗത്തിന് തൊട്ടടുത്ത് വരെ ഓടിയെത്തി. വിമാനത്തിനോ ആളുകൾക്കോ പരിക്കില്ല' ഡിജിസിഎ അധികൃതർ വ്യക്തമാക്കി. കാർ ഡ്രൈവറെ ബ്രീത്ത് അനലൈസർ പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു റിസൾട്ടെന്നും അധികൃതർ അറിയിച്ചു. റിസൾട്ട് നെഗറ്റീവായതിനാൽ ഡ്രൈവർ തുടർച്ചയായ ഷിഫ്റ്റുകളിൽ ജോലി ചെയ്തതിനാലോ അമിത ജോലി ചെയ്തതിനാലോയാകാം അപകടകരമായ സംഭവത്തിന് ഇടവരുത്തിയതെന്ന് ഡിജിസിഎ മുൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
2015ൽ കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലും സമാന സംഭവം ഉണ്ടായിരുന്നു. അന്ന് ജെറ്റ് എയർവേസിന്റെ ബസ് ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് എയർഇന്ത്യ വിമാനത്തിന് തൊട്ടടുത്ത് എത്തുകയായിരുന്നു. അന്ന് ആർക്കും പരിക്ക് പറ്റിയിരുന്നില്ലെങ്കിലും വിമാനത്തിന്റെ ചിറക്, എൻജിൻ, ലാൻഡിങ് ഗിയർ എന്നിവക്ക് തകരാറുണ്ടാക്കിയിരുന്നു.
The car stopped under the plane next to the wheel after the driver fell asleep In Delhi airport