ഇവിഎം സ്‌ട്രോങ് റൂമിലെ സിസിടിവി കാമറ നിശ്ചലമായി; സംശയാസ്പദമെന്ന് സുപ്രിയ സുലെ

വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുലെ

Update: 2024-05-13 10:55 GMT
Advertising

പൂനെ: ബാരാമതി ലോക്‌സഭാ മണ്ഡലത്തിൽ ഇവിഎമ്മുകൾ സൂക്ഷിച്ച സ്‌ട്രോങ് റൂമിലെ സിസിടിവി കാമറ 45 മിനിറ്റോളം ശൂന്യമായി. സംഭവത്തില്‍ പ്രതിപക്ഷ പാ‍‍‍ർട്ടിയായ എൻസിപി (എസ്‌പി) പ്രതിഷേധവുമായി രം​ഗത്തെത്തി. ​ഏറെ ശ്രദ്ധ നേടിയ ബാരാമതി സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 7 ന് മൂന്നാം ഘട്ട വോട്ടെടുപ്പിലാണ് നടന്നത്. അതിനുശേഷം മണ്ഡലത്തിലെ എല്ലാ ഇവിഎമ്മുകളും ജൂൺ 4 വരെ സ്‌ട്രോംഗ്‌റൂമിലേക്ക് മാറ്റുകയായിരുന്നു.

ഇന്ന് രാവിലെയാണ് സിസിടിവിയുടെ തകരാറ് എൻസിപി പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. എൻസിപി (എസ്പി) വർക്കിംഗ് പ്രസിഡൻ്റ് സുപ്രിയ സുലെ മത്സരിക്കുന്ന ബാരാമതിയിൽ എൻസിപി (അജിത്) പക്ഷത്തു നിന്നും അജിത് പവാറിൻ്റെ ഭാര്യ സുനേത്രയണ് എതിർ സ്ഥാനാർഥി.

"ഇവിഎമ്മുകൾ പോലുള്ള വളരെ പ്രധാനപ്പെട്ട ഉപകരണം സൂക്ഷിച്ചിരിക്കുന്നിടത്ത് സിസിടിവി സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നത് വളരെ സംശയാസ്പദമാണ്. ഇത് അധികാരികളുടെ വലിയ അലംഭാവമാണ്," സംഭവത്തിൽ സുപ്രിയ സുലെ ​രൂക്ഷ വിമർശനവുമായി രം​ഗത്തെത്തി.

തന്റെ പാർട്ടി പ്രവർത്തകർ വിഷയം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും തൃപ്തികരമായ ഒരു മറുപടിയും ലഭിച്ചില്ലെന്നും അവർ ആരോപിച്ചു. "കൂടാതെ, സ്ഥലത്ത് ഒരു സാങ്കേതിക വിദഗ്ധനും ഇല്ലായിരുന്നെന്നും ഞങ്ങളുടെ പ്രതിനിധികളെ ഇവിഎമ്മിൻ്റെ നില പരിശോധിക്കാൻ അനുവദിച്ചില്ലെന്നും ഇത് വളരെ ഗൗരവമുള്ളതും സംശയാസ്പദവുമാണെന്നും," ശരദ് പവാറിൻ്റെ മകൾ കൂടിയായ സുലെ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും സുലെ ആവശ്യപ്പെട്ടു. വിഷയത്തിൽ സുനേത്ര പവാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News