പൂജ ഖേദ്കറിനെതിരെ അന്വേഷണസമിതി രൂപീകരിച്ച് കേന്ദ്രം

വിഷയം അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം

Update: 2024-07-11 16:27 GMT
Advertising

ന്യൂഡൽ​ഹി: ഐ.എ.എസ് ഓഫീസർ ഡോ. പൂജാ ഖേദ്കർ ഉൾപ്പെട്ട വിവാദം പരിശോധിക്കാൻ കേന്ദ്രം അന്വേഷണസമിതിക്ക് രൂപം നൽകി. ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിങ് അഡീഷണൽ സെക്രട്ടറി വിഷയം അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും. പ്രത്യേക ഓഫീസ്, ഔദ്യോഗിക കാർ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചതിനെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് പൂജ വാർത്തകളിൽ ഇടം നേടിയത്.

അധികാര ദുർവിനിയോഗത്തിന്റെ പേരിൽ നടപടി നേരിടുന്ന മഹാരാഷ്ട്ര കേഡർ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിനെ കുരുക്കിലാക്കി കൂടുതൽ വെളിപ്പെടുത്തലുകൾ നേരത്തെ പുറത്തുവന്നിരുന്നു. സർവീസിൽ പ്രവേശിക്കാനായി ഇവർ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയെന്ന സംശയമാണ് ബലപ്പെടുന്നത്. കോടികളുടെ ആസ്തിയുള്ള പൂജ ഒബിസി നോൺ ക്രിമിലയർ വിഭാഗത്തിലാണ് പരീക്ഷയെഴുതിയത്. നൂറു കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുള്ള കുടുംബത്തിലെ അംഗമായ ഇവർ എങ്ങനെയാണ് ഈ വിഭാഗത്തിൽപ്പെടുന്നത് എന്നാണ് പ്രധാന ചോദ്യം.

സ്വകാര്യ ഔഡി കാറിൽ ബീക്കൺ ലൈറ്റും വി.ഐ.പി നമ്പർ പ്ലേറ്റും ഉപയോഗിച്ചതിന് ട്രെയിനി ഓഫീസറായ പൂജയെ പൂനയിൽനിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. വിവാദങ്ങളുമായി ബന്ധപ്പെട്ട് പൂന കളക്ടർ സുഹാസ് ദിവ്‌സെ നൽകിയ റിപ്പോർട്ടിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി പൂജയ്‌ക്കെതിരെ നടപടിയെടുത്തത്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News