പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ
എൻആർസി നടപ്പാക്കരുതെന്ന് എൻഡിഎ ഘടകക്ഷിയായ പീപ്പിൾസ് പാർട്ടി കഴിഞ്ഞ ദിവസം മുന്നണി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ലോക്‌സഭയിൽ ഇക്കാര്യം അറിയിച്ചത്. എന്തുവന്നാലും പൗരത്വ രജിസ്റ്റർ തയ്യാറാക്കുമെന്നായിരുന്നു കേന്ദ്രസർക്കാർ നേരത്തെ പറഞ്ഞിരുന്നത്. വൻ പ്രതിഷേധങ്ങൾ ഇതിനെതിരെ ഉയർന്നെങ്കിലും കേന്ദ്രം നിലപാടിൽ മാറ്റം വരുത്തിയിരുന്നില്ല.
എൻആർസി നടപ്പാക്കരുതെന്ന് എൻഡിഎ ഘടകക്ഷിയായ പീപ്പിൾസ് പാർട്ടി കഴിഞ്ഞ ദിവസം മുന്നണി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് തങ്ങൾ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെക്കുന്നതെന്ന് പീപ്പിൾസ് പാർട്ടി നേതാക്കൾ വ്യക്തമാക്കിയിരുന്നു.
കർഷകനിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെയാണ് പൗരത്വ രജിസ്റ്ററിലും സർക്കാർ നിലപാട് വ്യക്തമാക്കിയത്. പൗരത്വനിയമവും പിൻവലിക്കണമെന്ന് കർഷകനേതാവ് രാകേഷ് ടിക്കായത്ത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.