‘കത്വയിലെ ഭീകരാക്രമണം തന്ത്രപരമായ പരാജയം’; കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ്

‘അമിത ആത്മവിശ്വാസം ഒഴിവാക്കി ഭീഷണികൾക്കെതിരെ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണം’

Update: 2024-07-10 06:16 GMT
Advertising

ന്യൂഡൽഹി: കത്വയിൽ അഞ്ചു സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി കോൺഗ്രസ്. ഭീകരാക്രമണത്തിന് കാരണം തന്ത്രപരമായ പരാജയമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ജമ്മുവിലെ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളെ പ്രതിരോധിക്കാൻ സർക്കാർ സ്വീകരിച്ച മാർഗങ്ങൾ വിശദീകരിച്ച് രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്ന് കോൺഗ്രസ് നേതാവ് ദീപേന്ദർ സിങ് ഹൂഡ എം.പി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സംഭവത്തിൽ അതീവ ഉത്കണ്ഠ രേഖപ്പെടുത്തിയ അദ്ദേഹം, ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാറുമായി സഹകരിക്കാൻ തയ്യാറാണെന്നും ഉറപ്പുനൽകി. സൈന്യത്തിനും മറ്റു സുരക്ഷാ സേനയ്ക്കുമുള്ള പിന്തുണയിൽ തങ്ങൾ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.

‘ജമ്മു സെക്ടറിൽ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ അസ്വസ്ഥകരമായ ട്രെൻഡുണ്ട്. കശ്മീർ താഴ്വരയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ കൂടുതൽ ശാന്തമായിരുന്നു. ചൈനയുമായി സംഘർഷം നിലനിൽക്കുന്നതിനാൽ ലഡാഖ് മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിച്ചതാണ് ജമ്മു സെക്ടറിൽ ആക്രമണം കൂടാൻ കാരണമായതെന്ന് മുൻ സൈനികർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ ഭാഗത്ത് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല.

അമിത ആത്മവിശ്വാസം ഒഴിവാക്കി ഭീഷണികൾക്കെതിരെ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണം. സ്വന്തം വിശദീകരണങ്ങൾ അവതരിപ്പിക്കാനാണ് സർക്കാർ കൂടുതൽ സമയം ചെലവഴിക്കുന്നത്. നോട്ടുനിരോധനം കൊണ്ടുവന്നപ്പോൾ അത് തീവ്രവാദത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് സർക്കാർ പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്തുകളയുമ്പോഴും ഇതേ വാദം തന്നെയാണ് സർക്കാർ നിരത്തിയത്. ഏറെക്കുറെ സമാധാനപരമായിരുന്ന ജമ്മു മേഖലയിൽ ആക്രമണങ്ങൾ വർധിച്ചത് തന്ത്രപരമായ പരാജയം കാരണമാണ്’ -ഹൂഡ കൂട്ടിച്ചേർത്തു.

ജൂലൈ എട്ടിന് ആർമിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. അടുത്ത ദിവസം ദോഡ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കത്വയിലെ ആക്രമണത്തിന് പിന്നിലുള്ള ഭീകരർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്.  

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News